211 കോടി രൂപ കാണാതായ സംഭവം; രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് സെക്രട്ടറി
text_fieldsകോട്ടയം: നഗരസഭയിലേക്ക് ചെക്ക് മുഖേന നൽകിയ 211 കോടി രൂപ അക്കൗണ്ടുകളിൽ കാണാത്ത സംഭവത്തിൽ ഓഫിസ് രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് സെക്രട്ടറി.
ഇതിനായി ക്ഷമതയുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്നും ആ സമയങ്ങളിൽ അക്കൗണ്ട്സ്, കാഷ് കൗണ്ടർ, പ്രത്യേകിച്ച് അക്കൗണ്ട്സ്, റവന്യൂ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്നവരിൽനിന്നു കൂടി വിശദീകരണം തേടണമെന്നും സെക്രട്ടറി ചെയർപേഴ്സന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 14ന് ചേർന്ന കൗൺസിലിൽ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് വിഷയം ഉന്നയിച്ചത്.
തുടർന്ന് ഓഫിസ് രേഖകൾ പരിശോധിച്ച് ഏഴുദിവസത്തിനകം മറുപടി നൽകാൻ ചെയർപേഴ്സൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയാണ് സെക്രട്ടറി എഴുതി തയാറാക്കി നൽകിയത്. വർഷങ്ങളായുള്ള അക്കൗണ്ട്സ് സംവിധാനമാണ് പരിശോധിക്കേണ്ടത്. ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിലവിലെ ഉദ്യോഗസ്ഥ സംവിധാനം പര്യാപ്തമല്ല. ഇന്റേണൽ വിജിലൻസ് ഓഫിസ് റിപ്പോർട്ട് തയാറാക്കാൻപോലും മാസങ്ങളെടുത്ത കാര്യവും സെക്രട്ടറി മറുപടിയിൽ ചൂണ്ടിക്കാട്ടി.
അഖിലിന്റെ തട്ടിപ്പ് വിജിലൻസ് കണ്ടില്ല
കോട്ടയം: നഗരസഭ അക്കൗണ്ടുകളിൽ 211 കോടി രൂപ കാണാതായെന്ന് കണ്ടെത്തിയ ഇന്റേണൽ വിജിലൻസ് ഓഫിസ്, മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് നടത്തിയ തട്ടിപ്പ് അറിഞ്ഞില്ല. ആഗസ്റ്റ് ആറിനാണ് ഇന്റേണൽ വിജിലൻസ് ഓഫിസ് റിപ്പോർട്ട് നൽകിയത്. അഖിൽ സി. വർഗീസിന്റെ തട്ടിപ്പ് പുറത്തുവന്നത് രണ്ടുദിവസം കഴിഞ്ഞ് ഒമ്പതിനും. ഇത്ര വലിയ തുകയുടെ വ്യത്യാസം സംഭവിച്ചിട്ടും ഔദ്യോഗികമായി നഗരസഭക്ക് റിപ്പോർട്ട് നൽകിയിട്ടില്ല. പ്രതിപക്ഷ നേതാവ് കൗൺസിലിൽ ഉന്നയിച്ചപ്പോൾ മാത്രമാണ് വിഷയം എല്ലാവരും അറിയുന്നത്. തുടർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നഗരസഭ യൂനിറ്റിൽ പരിശോധിച്ചെങ്കിലും റിപ്പോർട്ട് എത്തിയിട്ടില്ല.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക കണക്കുകൾ കൃത്യമാക്കാനാണ് ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന ക്ലിനിക്കുകൾ ആരംഭിച്ചത്. 2023 ഒക്ടോബർ 11നാണ് ഇതുപ്രകാരം അക്കൗണ്ട്സ് പരിശോധന റിപ്പോർട്ട് നൽകിയത്. അതിൽ തുക വ്യത്യാസം കണ്ടതിനാൽ തുടർപരിശോധനക്ക് 2023 ഡിസംബർ 22ന് ഉത്തരവിട്ടു. ആഗസ്റ്റ് ആറിനാണ് ഈ റിപ്പോർട്ട് ഇന്റേണൽ വിജിലൻസ് ഓഫിസർ സമർപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ അഖിൽ സി. വർഗീസ് നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് കണ്ടെത്തിയിരുന്നെങ്കിൽ നഗരസഭയുടെ നഷ്ടം കുറക്കാമായിരുന്നു. മാത്രമല്ല, അക്കൗണ്ടുകളിൽ ഇത്ര വലിയ തുകയുടെ വ്യത്യാസം സംഭവിച്ചിട്ടും റിപ്പോർട്ട് ഇന്നുവരെ നഗരസഭക്ക് നൽകുകയോ ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവ് കൗൺസിലിൽ വിഷയം ഉന്നയിച്ചപ്പോൾ ഏത് റിപ്പോർട്ടാണെന്ന് അന്വേഷിച്ച് പരക്കംപായുകയായിരുന്നു അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

