പച്ചപ്പ് നിറയുന്നു; ജില്ലയിൽ 200 പച്ചത്തുരുത്തുകൾ
text_fieldsപനച്ചിക്കാട് കുഴിമറ്റം ഗവ. സ്കൂളിലെ പച്ചത്തുരുത്ത്
കോട്ടയം: പച്ചപ്പ് തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ 200 പച്ചത്തുരുത്തുകൾ പൂർത്തിയായി. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഒരുക്കിയത്.അരസെന്‍റിന് മുകളിലെ സ്ഥലത്താണ് നിർമിക്കുന്നത്. പ്രകൃതിയെത്തന്നെ പാഠപുസ്തകമാക്കുക ലക്ഷ്യത്തോടെ 35 സർക്കാർ സ്‌കൂളുകളിൽ പച്ചത്തുരുത്തുകളും ശലഭോദ്യാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ചെടികളെയും വൃക്ഷങ്ങളെയും കണ്ടറിഞ്ഞും പരിപാലിച്ചും പ്രകൃതിയിലെ അറിവുകൾ സ്വാംശീകരിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതാണ് പദ്ധതി. മുള ഇരിപ്പിടങ്ങളും സസ്യവേലികളും ഇവയുടെ മാറ്റുകൂട്ടുന്നു.മാലിന്യം തള്ളുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ചങ്ങലപ്പാലത്തും വാകത്താനം വാഴപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇടത്തറകടവ് ചീരഞ്ചിറയിലും വഴിയോര പച്ചത്തുരുത്തുകൾ സ്ഥാപിച്ചു.
പേര, സീതപ്പഴം, നെല്ലി, നീർമാതളം, ചാമ്പ, മന്ദാരം, ആര്യവേപ്പ്, നീർമരുത്, ലാത്തിമുള, ചന്ദനം, രക്തചന്ദനം എന്നിങ്ങനെയുള്ള ഔഷധസസ്യം, ഫലവൃക്ഷങ്ങൾ, തണൽമരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയവയാണ് നടുന്നത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം ഗ്രാമീണ മേഖലയിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരമേഖലയിലും തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പ്രവർത്തകർ ഇവ സജ്ജീകരിക്കുകയും മൂന്നുവർഷം കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു.
സർക്കാർ 2019ൽ വിഭാവനം ചെയ്ത പദ്ധതിക്കായി വൃക്ഷത്തൈകൾ വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം നൽകുന്നു. മണർകാട് സർക്കാർ ഹോമിയോ ആശുപത്രിയും ജില്ല ആയുർവേദ ആശുപത്രിയും നവകേരളം പച്ചത്തുരുത്ത് പരിപാലിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തമ മാതൃകകളാണ്. രണ്ടാഴ്ചക്കകം നട്ടാശ്ശേരി പുത്തേട്ട് സർക്കാർ യു.പി സ്‌കൂളിൽ പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

