പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത് 17,380 വിദ്യാര്‍ഥികള്‍
text_fieldsകോട്ടയം: പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ച് എട്ടുദിവസം പിന്നിട്ടപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പുതുതായി ചേര്‍ന്നത് 17,380 കുട്ടികള്‍. ഒന്നാം ക്ലാസില്‍ മാത്രം 8,256 കുട്ടികൾ ഓണ്‍ലൈന്‍ അഡ്മിഷന് നേടിക്കഴിഞ്ഞു. അണ്‍എയിഡഡ് സ്കൂളുകളില്‍നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി 9,124 പേർ ഇതുവരെ സർക്കാർ, എയിഡഡ് സ്കൂളുകളില്‍ രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ചേർന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ബിന്ദു പറഞ്ഞു. ഈ മാസം 19ന് ആരംഭിച്ച ഓണ്‍ലൈന്‍ അഡ്മിഷന് തുടരുകയാണ്.
പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ ജില്ലയിലെ സ്കൂളുകളില്‍ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ കെ.ജെ. പ്രസാദ് പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ജില്ലയില്‍ സര്‍ക്കാര്‍, എയിഡഡ് മേഖലകളില്‍ ആകെ 856 സ്കൂളുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ക്ലാസ് പി.ടി.എ, സ്കൂള്‍ റിസോഴ്സ് ഗ്രൂപ് യോഗങ്ങളും അഭ്യുദയകാംക്ഷികളുടെ യോഗവും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാൻ നടപടികള്‍ പുരോഗമിക്കുകയാണ്.
പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ക്കുപുറമെ ഈ അധ്യയന വര്‍ഷം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംവദിക്കാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ടാകും. അധ്യാപകര്‍ സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളില്നിന്നായിരിക്കും ഓണ്‍ലൈന്‍ ക്ലാസെടുക്കുക.