Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:33 AM IST Updated On
date_range 24 Jun 2022 5:33 AM IST121 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി; പുതിയത് നൽകാൻ നടപടി തുടങ്ങി
text_fieldsbookmark_border
തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പിന്‍റെ നടപടികൾ പുരോഗമിക്കുന്നു. ഒമ്പത് വില്ലേജുകളിലായി നൽകിയ 530 പട്ടയങ്ങളിൽ 121 എണ്ണം ഇതിനകം റദ്ദാക്കി. ഇവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് പുതിയ പട്ടയം നൽകാനുള്ള നടപടികളും ആരംഭിച്ചു. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 4251 ഹെക്ടർ സ്ഥലത്തിന് നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. ഇതിന്‍റെ നടപടിക്രമങ്ങൾക്കായി 40ലധികം റവന്യൂ ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്ക് നിയോഗിക്കുകയും ചെയ്തു. 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത് സാധ്യമല്ലെന്ന് വന്നതോടെ മൂന്ന് മാസം കൂടി അനുവദിച്ചു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട 353 ഫയലുകൾ ഇതുവരെ പരിശോധിച്ചു. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് 486 പേർക്കാണ് നോട്ടീസ് അയച്ചത്. ഇതിൽ 368 പേർ ഹാജരായി. തുടർന്നാണ് 121 പട്ടയം റദ്ദാക്കിയത്. ഇവരിൽ 40ഓളം പേർ പുതിയ പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട്. കെ.ഡി.എച്ച്, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലാണ് ഹിയറിങ് നടപടികൾ അവശേഷിക്കുന്നത്. ഇത് ജൂലൈ പകുതിക്ക് മുമ്പ് പൂർത്തിയാകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. റദ്ദാക്കിയവക്ക് പകരം പട്ടയം നൽകാൻ ഫീൽഡ് സർവേ അടക്കം നടപടികൾക്കായി പ്രത്യേകം സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകംതന്നെ അനധികൃത പട്ടയങ്ങൾ റദ്ദാക്കി അപേക്ഷകർക്ക് പുതിയ പട്ടയം നൽകാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പട്ടയത്തിന്‍റെ മറവിൽ ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി എടുത്തിട്ടുണ്ട്. പട്ടയം ആവശ്യമുള്ളവർ നേരിട്ട് താലൂക്ക് ഓഫിസുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story