Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 99,497...

ജില്ലയില്‍ 99,497 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന്​ നൽകി

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 99,497 കുട്ടികള്‍ക്ക് ​പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എൻ. പ്രിയ അറിയിച്ചു. 1,08,582 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 91.63 ശതമാനം കുട്ടികള്‍ക്ക് ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കി. മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ബസ്​സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസംകൂടി പ്രവര്‍ത്തിക്കും. ഞായറാഴ്ച 10 മൊബൈല്‍ ബൂത്തുകള്‍, 46 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1296 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. റെയിൽവേ സ്റ്റേഷന്‍, ബസ്​സ്റ്റാൻഡ്​​, ബോട്ട്​ജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉത്സവസ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവ ഉൾപ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളിലെത്തി മരുന്ന് നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യകേരളം വനിത ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ്, തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ക്ലബ്, വ്യാപാര വ്യവസായികൾ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഞായറാഴ്ച രാവിലെ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ശിശു സംരക്ഷണത്തിൽ കേരളം വികസന രാജ്യങ്ങൾക്കൊപ്പമാണെന്ന്​ അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ഇത് സാധിച്ചതെന്നും മാതൃകാപരമായ നേട്ടങ്ങൾ തുടർന്നും കൈവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രതിരോധ കുത്തിവെപ്പ്​ ബോധവത്കരണ വിഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി മുഖ്യാതിഥിയായി. കലക്ടർ ഡോ. പി.കെ. ജയശ്രീ, മുനിസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ജനറൽ ആശുപത്രി സൂപ്രണ്ട് ആർ. ബിന്ദുകുമാരി, റോട്ടറി ഇന്‍റർനാഷനൽ മുൻ അസോസിയേറ്റ് ഗവർണർ ഡോ. ടി.എസ്. സക്കറിയ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സി.ജെ. സിത്താര, കോട്ടയം എം.സി.എച്ച് ഓഫിസർ ടി.കെ. ഇന്ദിരാമ്മ, കൗൺസിലർ സിൻസി പാറേൽ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു. പടം KTL POLIO MINISTER കോട്ടയം ജനറൽ ആശുപത്രിയിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന്​ വിതരണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി തുടങ്ങിയവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story