Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിഗിരി ജലവൈദ്യുതി...

ശബരിഗിരി ജലവൈദ്യുതി പദ്ധതിക്ക് ഇന്ന് 56 തികയുന്നു

text_fields
bookmark_border
ശബരിഗിരി ജലവൈദ്യുതി പദ്ധതിക്ക് ഇന്ന് 56 തികയുന്നു
cancel
വടശ്ശേരിക്കര: കിഴക്കൻ വനാന്തരങ്ങളിലെ ജലസമ്പത്തിനെ വൈദ്യുതോർജമാക്കി നാടിന്‍റെ ഇരുട്ടകറ്റിയ ശബരിഗിരി പദ്ധതിക്ക്​ തിങ്കളാഴ്ച 56 വയസ്സ് തികയുന്നു. പത്തനംതിട്ട ജില്ലയിലെ നിബിഡവനപ്രദേശമായ ഗവിയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഒട്ടനവധി നീർച്ചാലുകളെയും നദികളെയുമൊക്കെ തടയണ കെട്ടി തടഞ്ഞുനിർത്തി കിലോമീറ്ററുകൾ നീളുന്ന കുഴലുകൾ വഴി അടിവാരമായ മൂഴിയാറിലെത്തിച്ച്​ വൈദ്യുതിയാക്കി മാറ്റാമെന്ന സങ്കൽപം സാക്ഷാത്​കരിക്കുന്നത് 1966ലാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ഉൾവനത്തിനുള്ളിലെ വൈദ്യുതോൽപാദന സാധ്യത കണ്ടെത്തുന്നത്. അക്കാലത്തുതന്നെ ശബരിഗിരി പദ്ധതിയുടെ സർവേ നടപടികൾ പൂർത്തിയായെങ്കിലും 1962 ലാണ് നിർമാണം ആരംഭിച്ചത്. നാല് വർഷത്തിനുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു. 300 മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർണതോതിൽ 1967 ആഗസ്റ്റ് 27ന് ഉപരാഷ്ട്രപതി വി.വി. ഗിരി രാഷ്ട്രത്തിന്​ സമർപ്പിച്ചു. സമുദ്രനിരപ്പിൽനിന്ന്​ 981.45 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന പമ്പ, മൂഴിയാർ, കക്കി, ആനത്തോട്, ഗവി ഡാമുൾപ്പെടെ അഞ്ച്​ വലിയ ഡാമുകളും നിരവധി ചെറിയ തടയണകളും അടങ്ങിയതാണ് ശബരിഗിരിയുടെ ജലസംഭരണി. ഇതിൽ പമ്പ സംഭരണി കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ സംഭരിക്കുന്ന വെള്ളം ആനത്തോട് ഡാമിൽനിന്ന്​ മൂന്ന് വമ്പൻ കുഴലുകളിലൂടെ മൂഴിയാറിലെത്തിച്ചാണ് ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പ്രവർത്തനം. ഇവിടത്തെ ജലലഭ്യത കണക്കിലെടുത്ത് രണ്ടാമതൊരു പദ്ധതികൂടി നടത്താനുള്ള സാധ്യതാ പഠനമാണ് വൈദ്യുതി ബോർഡിന്‍റെ പുതിയ ലക്ഷ്യം. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാട്ടർ ആൻഡ് പവർ കൺസൽറ്റൻസി സർവിസിനെ ചുമതലപ്പെടുത്തും. ശബരിഗിരി എക്സ്​​റ്റെൻഷൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക്​ 8.9 കോടിയുടെ കരാർ നൽകാനും തീരുമാനമായി. പദ്ധതിയുടെ വാണിജ്യസാധ്യതാ റിപ്പോർട്ടും പാരിസ്ഥിതിക ആഘാത റിപ്പോർട്ടും നിശ്ചിത സമയത്തിനുള്ളിൽ ബോർഡിന് നൽകണം. ശബരിഗിരി എക്സ്​റ്റെൻഷൻ പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ ശബരിഗിരി സംസ്ഥാനം വൈദ്യുതി സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടം: PTG21penstock ശബരിഗിരി പദ്ധതിയുടെ നിർമാണ സമയത്ത്​ തൊഴിലാളികൾ കൂറ്റൻ പെൻസ്​റ്റോക്​ പൈപ്പുകൾ സ്ഥാപിക്കുന്നു. യന്ത്രസഹായമില്ലാതെയാണ്​ അന്ന്​ ഇത്ര വലിയ പൈപ്പുകൾ മലഞ്ചരുവിൽ സ്ഥാപിച്ചത് ​(ഫയൽ ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story