Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളൂർ കെ.പി.പി.എൽ...

വെള്ളൂർ കെ.പി.പി.എൽ പുനരുദ്ധാരണം: 44.94 കോടി ചെലവിൽ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

text_fields
bookmark_border
കോട്ടയം: കേന്ദ്രസർക്കാറിന്റെ സ്വകാര്യവത്​കരണ നടപടികളെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്​സ്​ ലിമിറ്റഡിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണം വെള്ളിയാഴ്ച ആരംഭിക്കും. കെമിക്കൽ റിക്കവറി പ്ലാൻറ്, കെമിക്കൽ പൾപ്പിങ്​ പ്ലാന്റ്, മെക്കാനിക്കൽ പൾപ്പിങ്​ പ്ലാന്റ് എന്നിവയുടെ നവീകരണം വേഗത്തിലാക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുക. വുഡ് പൾപ്പിങ്​ സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പുകൂടി ഉപയോഗിക്കുന്നതിലൂടെ കെ.പി.പി.എല്ലിന് താൽക്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. 44.94 കോടിയാണ് രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം 90 ശതമാനത്തിലധികം പൂർത്തിയാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്ചപോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യവസായിക ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഫാക്ടറിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി വ്യവസായ-വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്​ പ്രിന്‍റ്​ ലിമിറ്റഡിന്‍റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽനിന്നും സംസ്ഥാന വനം വകുപ്പിന്‍റെ തോട്ടത്തിൽനിന്നും വ്യത്യസ്ത ഇനത്തിലുള്ള തടി സാമഗ്രികൾ അനുവദിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കും. വ്യവസായ, വനം മന്ത്രിമാരുടെ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ജനുവരി ഒന്നിനാണ് പുനരുദ്ധാരണം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ പേപ്പർ മെഷീൻ, ഡീ-ഇങ്കിങ് പ്ലാന്‍റ്​, പവർ ബോയ്​ലറുകൾ, ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ സഹായ പ്ലാന്‍റുകൾ, മറ്റ് അവശ്യസേവനങ്ങൾ എന്നിവയുടെ പുനരുജ്ജീവനമാണ് ലക്ഷ്യമിട്ടത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്‍റേഷൻ എൻജിനീയറിങ് മേഖലകളിലെ അറ്റകുറ്റപ്പണിക്ക്​ 34.30 കോടിയാണ് നീക്കിവെച്ചത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെ.പി.പി.എൽ താൽക്കാലികമായി നിയമിച്ചിരുന്നു. മൂന്ന് പ്ലാന്‍റിലും പ്രവർത്തനം പുരോഗമിക്കുകയാണ്. പേപ്പർ മെഷീൻ, പവർ ബോയ്​ലർ പ്ലാന്‍റുകളിലെ 50 ശതമാനത്തിലധികം അറ്റകുറ്റപ്പണി പൂർത്തിയായി. ഡീഇങ്കിങ്‌ പ്ലാന്റിന്റെ ആദ്യട്രയൽ റണ്ണും നടത്തി. യുക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ തന്നെ പൾപ്പിന്‍റെ വില വർധിക്കുന്ന പ്രവണതയാണുള്ളത്. അതിനാൽ പൾപ്പ് വില കുറയുന്നതുവരെ വിവിധ മില്ലുകളിൽനിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് പൾപ്പിന്റെ കമ്മി ഭാഗികമായി നികത്താനുള്ള ശ്രമവും നടത്തിവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story