Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTഒന്നാം ക്ലാസ് പ്രവേശനം; ഇതുവരെ എത്തിയത് 4367 കുട്ടികൾ
text_fieldsbookmark_border
സ്കൂളുകളുടെ നവീകരണവും ഫിറ്റ്നസ് പരിശോധനയും നടക്കുന്നു കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, ജില്ലയിൽ ഇതുവരെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 4367 വിദ്യാർഥികൾ. വിദ്യാഭ്യാസ വകുപ്പിൻെറ സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്. കുഞ്ഞുങ്ങൾക്ക് ആധാർ നിർബന്ധമാണ്. നിലവിൽ ജില്ലയിലെ സ്കൂളുകളിൽ പ്രവേശനം നേടിയ ഒരുവിഭാഗം വിദ്യാർഥികൾക്ക് ആധാർ കാർഡ് ലഭിച്ചിട്ടില്ല. അതിനാൽ ഇവർ ഉൾപ്പെടാത്ത കണക്കാണിത്. ഇനിയും വിദ്യാർഥികളുടെ എണ്ണം ഉയരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻെറ പ്രതീക്ഷ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ പേർ പ്രവേശനം നേടുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിദ്യാർഥികൾ ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അഞ്ച്, എട്ട് ക്ലാസുകളിലേക്കും പുതിയതായി വിദ്യാർഥികൾ എത്തുന്നുണ്ട്. അതിനിടെ, സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പെയിന്‍റിങ് അടക്കം ജോലികൾ നടക്കുന്നു. സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധനയും നടക്കുന്നു. 40ഓളം സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിച്ചിട്ടുമില്ല. പരിശോധനക്കായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന സ്കൂളുകളുമുണ്ട്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച യോഗം ചേരും. ഈമാസം 31ന് മുമ്പായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സ്കൂളുകൾക്ക് ലഭിച്ച നിർദേശം. ഫിറ്റ്നസ് പരിശോധനക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ ശുചീകരണം നടത്തണമെന്നും കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കണമെന്നും ഇഴജന്തുക്കളുടെ സാധ്യതയുള്ള പൊത്തുകൾ അടക്കണമെന്നും നിർദേശമുണ്ട്. മോട്ടോർ വാഹനവകുപ്പിൻെറ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും നടക്കുന്നു. ----------- പാഠപുസ്തക വിതരണം പുരോഗമിക്കുന്നു ഒന്ന് മുതൽ 10വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണവും ജില്ലയിൽ പുരോഗമിക്കുന്നുണ്ട്. ജില്ല ഹബിൽനിന്ന് സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച പുസ്തകങ്ങൾ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് നൽകുന്നത്. ജില്ല ഹബിൽ പുസ്തകങ്ങൾ ഓരോ സൊസൈറ്റികൾക്കും കണക്കാക്കി എണ്ണിത്തിട്ടപ്പെടുത്തുന്നതും വാഹനത്തിൽ എത്തിക്കുന്നതും കുടുംബശ്രീയുടെ ചുമതലയിലാണ്. വാഹനത്തിലേക്ക് പുസ്തകങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു യൂനിയൻ തൊഴിലാളികളാണ്. എന്നാൽ, ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മറ്റു ക്ലാസുകളിലെ പുസ്തകങ്ങൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് എത്തിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയാൽ പുതിയ കണക്കെടുത്ത് പുസ്തകം വിതരണം ചെയ്യുമെന്നും അധ്യാപകർ പറയുന്നു. ------- അധ്യാപക ക്ഷാമം സര്‍ക്കാര്‍ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം അനുഭവപ്പെടുമെന്ന ആശങ്കയുമുണ്ട്. സംസ്ഥാനത്ത് രണ്ടായിരത്തോളം അധ്യാപകരാണ് വിരമിച്ചത്. ഈ ഒഴിവുകള്‍ ഉടൻ നികത്തിയില്ലെങ്കില്‍ ചില സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടാകും. വിരമിച്ച ഒഴിവുകളില്‍ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കോവിഡിനു മുമ്പുവരെ എല്ലാ വര്‍ഷവും കൃത്യമായി നടത്തിയിരുന്ന സ്ഥലംമാറ്റം ഇത്തവണ നടക്കാത്തതും പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story