Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:46 AM IST Updated On
date_range 25 Jun 2022 5:46 AM ISTഅക്ഷരനഗരിയുടെ സാക്ഷരത നേട്ടത്തിന് ഇന്ന് 33 വയസ്സ്
text_fieldsbookmark_border
കോട്ടയം: സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്‍റെ 33ാം വാർഷികം ശനിയാഴ്ച. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. ------ കൂട്ടയോട്ടത്തോടെ തുടക്കം നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് എം.ജി സർവകലാശാല നാഷനൽ സർവിസ് സ്‌കീം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാനായി ജനബോധന സാക്ഷരത യജ്ഞമെന്ന പദ്ധതി മുന്നോട്ടുവെച്ചതെന്ന് അന്നത്തെ സർവകലാശാല എൻ.എസ്.എസ് കോഓഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം പറഞ്ഞു. സർവകലാശാലയും നഗരസഭയും ജില്ല ഭരണകൂടവും സംയുക്തമായി യജ്ഞം നടപ്പാക്കി. നൂറുദിവസംകൊണ്ട് നൂറുശതമാനം സാക്ഷരത കൈവരിക്കുക, നഗരത്തിലെ 2208 നിരക്ഷരരെ സാക്ഷരരാക്കുക എന്നിവയായിരുന്നു ലക്ഷ്യം. 1989 മാർച്ച് നാലിന് ഗാന്ധി സ്‌ക്വയറിൽനിന്ന് കെ.കെ റോഡ് വഴി മാമ്മൻ മാപ്പിളഹാളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രഫ. യു.ആർ. അനന്തമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തോടെയായിരുന്നു യജ്ഞത്തിന്‍റെ തുടക്കം. 'ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്' എന്ന പേരിൽ നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടായിരത്തിലധികം പേർ പങ്കാളികളായി. രാവിലെ 10ന് തിരുനക്കര മൈതാനത്ത് വൈസ് ചാൻസലർ പ്രഫ. യു.ആർ. അനന്തമൂർത്തി നൽകിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരൻ ഉയർത്തിയതോടെയാണ് യജ്ഞത്തിനു തുടക്കമായത്. 10.30ന് ഗാന്ധി പ്രതിമചുറ്റി കൂട്ടയോട്ടം ആരംഭിച്ചു. യജ്ഞം തുടങ്ങുന്നതിന്‍റെ ഭാഗമായി കോട്ടയത്തെ 32 വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്നേദിവസം സാക്ഷരത പതാക ഉയർത്തിയിരുന്നു. മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബാണ് സാക്ഷരത യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. -- നൂറാംദിനത്തിൽ നേട്ടം നൂറുദിവസം നീണ്ട യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന മഹത്തായ നേട്ടം കൈവരിച്ചത്. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന എൻ.പി സാഹിയാണ് അന്ന് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ, മന്ത്രിമാർ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു. ------- ഫോട്ടോ: KTL Koottayottam കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാനായി 1989 മാർച്ച് നാലിന് നടന്ന കൂട്ടയോട്ടത്തിൽനിന്ന് (ഫയൽചിത്രം) ------ വാർഷികാഘോഷം ഇന്ന് കോട്ടയം: ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്‍റെ 33ാം വാർഷികാഘോഷം ജില്ല സാക്ഷരത മിഷൻ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കും. വയസ്‌കരക്കുന്ന് എസ്.എസ്.എ ഹാളിൽ ഉച്ചക്ക് 2.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story