Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:45 AM IST Updated On
date_range 2 April 2022 5:45 AM ISTചൂടിൽ പൊള്ളി 25 ലക്ഷത്തിന്‍റെ കൃഷി
text_fieldsbookmark_border
കോട്ടയം: കർഷകർക്ക് ആശ്വാസമായി വേനൽമഴ പെയ്തിറങ്ങിയെങ്കിലും ചുട്ടുപൊള്ളിച്ച ദിനങ്ങളിൽ ജില്ലയിലെ കർഷകർക്കുണ്ടായത് വൻ നഷ്ടം. കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്കെടുപ്പിൽ വരൾച്ചയിൽ 25 ലക്ഷത്തിന്‍റെ നഷ്ടമാണ് ജില്ലയിലെ കർഷകർക്കുണ്ടായിരിക്കുന്നത്. വിശദമായ കണക്കെടുപ്പിൽ തുക ഇനിയും ഉയരുമെന്ന് അധികൃതർ പറയുന്നു. ആദ്യഘട്ട റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കുരുമുളകും ജാതിയും മുതൽ നെൽകൃഷി വരെ വേനൽചചൂടിൽ നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പനച്ചിക്കാട്, പാമ്പാടി, കൂരോപ്പട, തീക്കോയി, കോരുത്തോട്, കല്ലറ വില്ലേജുകളിലാണ് വരൾച്ചയിൽ നാശം. വാഴ, കൊക്കോ, തെങ്ങ്, കുരുമുളക്, റബർ, നെൽകൃഷികൾക്കാണ് വരൾച്ചയിൽ കൂടുതൽ നാശം. ഏറ്റവും കൂടുതൽ നഷ്ടം കല്ലറയിലാണ്. ഇവിടെ 56 കർഷകരുടേതായി 11.04 ഹെക്ടറിലെ നെൽകൃഷി നശിച്ചു. യഥാസമയം പാടത്തു വെള്ളം എത്തിക്കാൻ കഴിയാതിരുന്നതാണ് നെൽകൃഷി നശിക്കാൻ കാരണം. അതേസമയം, കൃഷിവകുപ്പിന്‍റെ കണക്കിനെതിരെ വിവിധ കർഷകസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ കണക്കാക്കിയ നഷ്ടത്തിന്‍റെ പതിന്മടങ്ങാണ് യാഥാർഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വരൾച്ചയിൽ ജില്ലയിൽ വലിയതോതിൽ ജാതിമരങ്ങൾ നശിച്ചിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. റിപ്പോർട്ടിലുള്ളതിന്‍റെ പത്തിരട്ടയിലേറെ വാഴകൃഷി നശിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും കാർഷികനഷ്ടമുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി നൂറുകണക്കിനു കർഷകരുടെ കുരുമുളകു കൃഷിയും നശിച്ചതായും ഇവർ പറയുന്നു. അതിനിടെ കടുത്ത ചൂടിന് ആശ്വാസമായി കഴിഞ്ഞദിവസങ്ങളിലായി വേനൽമഴ പെയ്തിറങ്ങിയതോടെ കാര്‍ഷിക മേഖല വീണ്ടും സജീവമായി. കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളുടെ നടീല്‍ കർഷകർ ആരംഭിച്ചു. ഒരു മാസം മുമ്പ് ശക്തമായ മഴ ലഭിച്ച, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ കിഴക്കന്‍ മേഖലയില്‍ കൃഷികള്‍ നേരത്തേ ആരംഭിച്ചിരുന്നു. മറ്റിടങ്ങളിലെല്ലാം ഈ ദിവസങ്ങളില്‍ കൃഷിനിലങ്ങള്‍ ഒരുക്കുന്നതിന്‍റെയും നടുന്നതിന്‍റെ തിരക്കിലാണ് കര്‍ഷകര്‍. പലയിടങ്ങളിലും കപ്പ നട്ടുതുടങ്ങിയിട്ടുമുണ്ട്. കപ്പ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story