Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTലൈഫ് 2020: പുനഃപരിശോധന പൂർത്തീകരിച്ച ആദ്യജില്ലയായി കോട്ടയം
text_fieldsbookmark_border
കോട്ടയം: ലൈഫ് പട്ടികയിൽ ഇടംനേടാതെപോയ അർഹരായ ഗുണഭോക്താക്കൾക്കായി പോർട്ടൽ മുഖേന സ്വീകരിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനയും തുടർന്നുള്ള പുനഃപരിശോധനയും പൂർത്തിയാക്കിയ ആദ്യജില്ലയായി കോട്ടയം. സംസ്ഥാനത്താകെ 9,20,256 അപേക്ഷയാണ് ലഭിച്ചത്. ജില്ലയിൽ ലഭിച്ച 44,435 അപേക്ഷകളുടെ പ്രാഥമിക പരിശോധന ഫെബ്രുവരിയിൽ പൂർത്തീകരിച്ചു. പ്രാഥമിക പരിശോധനയിൽ 40 ശതമാനത്തിനു മുകളിൽ അർഹരായി കണ്ടെത്തിയ വാർഡുകളിലെ 28,557 അപേക്ഷകളുടെ പുനഃപരിശോധന ഏപ്രിൽ 27ന് പൂർത്തിയാക്കി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, രജിസ്‌ട്രേഷൻ, സഹകരണം, ക്ഷീരവികസനം, വ്യവസായം, ഗ്രാമവികസനം, തൊഴിൽ, സിവിൽ സപ്ലൈസ്, എംപ്ലോയ്‌മെന്‍റ് തുടങ്ങി ജില്ലയിലെ വിവിധ വകുപ്പുകളിൽനിന്ന് 615 ജീവനക്കാരെ പുനഃപരിശോധനക്കായി നിയോഗിച്ചിരുന്നതായി കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ബ്ലോക്ക്തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ അർഹരായിട്ടുള്ള എരുമേലി പഞ്ചായത്തിലാണ് (1269 - അപേക്ഷ) പുനഃപരിശോധനയിലും കൂടുതൽപേർ അർഹരായതായി കണ്ടെത്തിയത് (1102 പേർ). കുറവ് വെളിയന്നൂർ പഞ്ചായത്തിലും (66 -അപേക്ഷ, അർഹരായവർ - 64). നഗരസഭകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ അർഹരായിട്ടുള്ളത് കോട്ടയം നഗരസഭയിലാണ് (1215 - അപേക്ഷ, അർഹരായവർ - 1141). കുറവ് പാലാ നഗരസഭയിയാണ് (142 - അപേക്ഷ, അർഹരായവർ - 139). ഇതുവരെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനഃപരിശോധനയിലുമായി 27,524 (61.94 ശതമാനം) പേർ അർഹരായതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള പുനഃപരിശോധന പൂർത്തിയായതിനുശേഷം കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കും. ഒന്നാംഘട്ട അപ്പീൽ ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗരസഭ സെക്രട്ടറിമാർക്കും രണ്ടാംഘട്ട അപ്പീൽ കലക്ടർക്കും നൽകാം. ലൈഫ് മിഷന് മുഖേന ജില്ലയിൽ ഇതുവരെ 11,185 വീടുകൾ നൽകിയതായി ലൈഫ് മിഷൻ കോഓഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ പറഞ്ഞു. വഖഫ് ബോർഡ്: നീതിനിഷേധം തിരുത്തണം -ജമാഅത്ത് കൗൺസിൽ കോട്ടയം: പൂർണമായും ജമാഅത്തുകളിൽനിന്ന് പിരിക്കുന്ന തുക ഉപയോഗിച്ച് ശമ്പളം ഉൾപ്പെടെ ചെലവുകൾ നടത്തുന്ന കേരള വഖഫ് ബോർഡിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ സമുദായ അംഗം അല്ലാത്ത ഒരാളെ നിയമിച്ചത് കടുത്ത അവഹേളനവും വെല്ലുവിളിയും ആണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ. വിവാഹ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്ന വഖഫ് ബോർഡിൽ ജമാഅത്തുകളിൽനിന്ന് പണം പിരിക്കുകയും തിരിച്ച് ഒരുവിധ സേവനവും ചെയ്യാത്ത വെള്ളാനയായി മാറിയിരിക്കുകയാണെന്നും വഖഫ് ബോർഡിൽ സർക്കാർ നടത്തിയ ഡ്രൈവർ നിയമനം എന്ന ട്രയൽ റൺ നീതിനിഷേധം തിരുത്തിയില്ലെങ്കിൽ വഖഫ് ബോർഡുമായി ജമാഅത്തുകൾ നിസ്സഹകരണ സമരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വൈദ്യുതി മുടങ്ങും കുറിച്ചി: ഏനാചിറ ട്രാൻസ്‌ഫോമറിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട്: കാട്ടാംപാക്ക് ഭാഗത്ത് ശനിയാഴ്ച പകൽ വൈദ്യുതി ഭാഗികമായി മുടങ്ങും. മീനടം: കുരുവിക്കാട്, കൊല്ലംപറമ്പ്, ചേലമറ്റംപടി ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. തെങ്ങണ: നടക്കപാടം, തൂമ്പുങ്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും കുര്യച്ചൻപടി, ഇറ്റലിമഠം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story