Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:31 AM IST Updated On
date_range 3 Feb 2022 5:31 AM ISTസംസ്ഥാനത്തെ 20 ശതമാനവും റേഷൻ വാങ്ങുന്നത് സ്വന്തം കടകളെ 'കൈവിട്ട്'
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് സ്വന്തം കട 'കൈവിട്ട്' റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഭക്ഷ്യവകുപ്പിന്‍റെ കണക്കുകളനുസരിച്ച് സംസ്ഥാനത്തെ മൊത്തം ഉപഭോക്താക്കളിൽ 20 ശതമാനത്തിലധികവും പ്രതിമാസവിഹിതം വാങ്ങുന്നത് മറ്റ് റേഷൻകടകളിൽനിന്ന്. ജനുവരിയിൽ റേഷൻ വാങ്ങിയവരിൽ 21.13 ശതമാനം പേരാണ് സ്വന്തം കടയെ കൈവിട്ടത്. എത് റേഷൻകടയിൽനിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്രയുംപേർ കടമാറി വിഹിതം സ്വന്തമാക്കുന്നത്. പോർട്ടബിലിറ്റി കണക്കുകളനുസരിച്ച് ജനുവരിയിൽ റേഷൻ വാങ്ങിയ 7883889 ഉപഭോക്താക്കളിൽ 1666415 പേരാണ് കാർഡുള്ള കടയെ കൈവിട്ട് സമീപത്തെ റേഷൻപീടികയിലേക്ക് കയറിച്ചെന്നത്. ജനുവരിയിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽപേർ പോർട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയത് -28.66 ശതമാനം പേർ. വയനാടാണ് തൊട്ടുപിന്നിൽ; 24.48 %. മലപ്പുറം (14.16), പാലക്കാട് (14.61) എന്നിവയാണ് പിന്നിലുള്ള ജില്ലയിൽ. ഇവയൊഴികെ മറ്റ് എല്ലാ ജില്ലകളിലും 20 ശതമാനത്തിനുമുകളിലോണ് പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം. ഡിസംബറിൽ 20.57 ശതമാനം പേരും നവംബറിൽ 20.52 ശതമാനവും പുതുസംവിധാനം പ്രയോജനപ്പെടുത്തി. ആദ്യഘട്ടത്തിൽ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇത് ക്രമേണ ഉയരുകയായിരുന്നു. ജനുവരിയിൽ 18 ശതമാനമായിരുന്നു സ്വന്തം കട 'ഉപേക്ഷിച്ചവരുടെ' എണ്ണം. മേയോടെ 19 ശതമാനമായി ഉയർന്ന ഇത് ആഗസ്റ്റിൽ ഇരുപതിലെത്തി. ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള കടയിൽനിന്ന് റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്ന റേഷൻ പോർട്ടബിലിറ്റി സംവിധാനം 2018 ഏപ്രിലിലാണ് നിലവിൽവന്നത്. നേരത്തെ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽനിന്ന് മാത്രമേ റേഷൻ വിഹിതം വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യഘട്ടത്തിൽ ഈ സേവനം കൂടുതലായി പ്രയോജപ്പെടുത്തിയതെങ്കിലും ഇപ്പോൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പുതിയ സംവിധാനത്തെ ആശ്രയിക്കുന്നതായാണ് ഭക്ഷ്യവകുപ്പിന്‍റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ റേഷൻ കടയുടമകൾക്ക് താൽപര്യക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏറെ മാറ്റമുണ്ടെന്നും ഇവർ പറയുന്നു. -എബി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story