Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:51 AM IST Updated On
date_range 18 March 2022 5:51 AM ISTപണിയുണ്ട്; പണമില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത് 17.93 കോടി
text_fieldsbookmark_border
കോട്ടയം: തൊഴിലുറപ്പ് പദ്ധതിയിലെ വേതനം കുടിശ്ശികയായതോടെ തൊഴിലാളികൾ ദുരിതത്തിൽ. ജില്ലയിൽ 17,93,48,757 രൂപയാണ് കുടിശ്ശിക. ഇതിൽ 5,84,44,124 രൂപ പട്ടികജാതി വിഭാഗത്തിനും 98,24,720 രൂപ പട്ടികവർഗ വിഭാഗത്തിലെ തൊഴിലാളികൾക്കുമാണ് ലഭിക്കാനുള്ളത്. മൊത്തം 75,000 തൊഴിലാളികളാണ് പണിയെടുത്ത കൂലിക്കായി ജില്ലയിൽ കാത്തിരിക്കുന്നത്. 72 പഞ്ചായത്തുകളിലെ 56,744 കുടുംബങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. കോവിഡ് കാലത്ത് ജോലിയെടുത്തതിന്‍റെ അടക്കം വേതനമാണ് കുടിശ്ശിക. ജില്ലയിൽ തൊഴിൽകാർഡ് എടുത്ത 1,17,477 പേരിൽ 93,942 പേരും സ്‌ത്രീകളാണ്. കേന്ദ്രവിഹിതത്തിൽനിന്നാണ് തൊഴിലാളികൾക്ക് ശമ്പളം. ഇത് ലഭിക്കാത്തതുമൂലമാണ് തടസ്സപ്പെടുന്നതെന്ന് പഞ്ചായത്തുകൾ പറയുന്നു. അടുത്തിടെയായി പട്ടികജാതി വിഭാഗം, ജനറൽ എന്നിങ്ങനെ രണ്ടാണ് വിഭജിച്ചാണ് വേതനത്തിനായുള്ള തുക കേന്ദ്രം അനുവദിക്കുന്നത്. ഇപ്പോൾ രണ്ടുവിഭാഗത്തിലുള്ളവർക്കും പണം ലഭിക്കാനുണ്ട്. ഇത്തവണത്തെ കേന്ദ്രബജറ്റിൽ തൊഴിലുറപ്പ് വിഹിതത്തിൽ കുറവും വരുത്തി. കഴിഞ്ഞ വർഷം കേന്ദ്രവിഹിതം 1300 കോടിയായിരുന്നത് ഇത്തവണ 730 കോടിയായിട്ടാണ് കുറച്ചത്. 291 രൂപയാണ് തൊഴിലാളികളുടെ കൂലി. ഗ്രാമീണമേഖലകളിലാണ് (പഞ്ചായത്തുകൾ) തൊഴിലുറപ്പ് പദ്ധതി കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്. കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതനം ഉയർത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. കേന്ദ്രവിഹിതം വർധിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ നിയമഭേദഗതി ചെയ്യുക, ജാതി അടിസ്ഥാനത്തിൽ കൂലികൊടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ മുന്നോട്ടുവെക്കുന്നു. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ അയ്യൻകാളി പദ്ധതിയെന്നപേരിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലെ വേതനം കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നുമുണ്ട്. സംസ്ഥാന നഗരവികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുകയാണ് ചെയ്യുന്നത്. 2,65,0000 കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചാൽ നഗരങ്ങളിലെ ജീവിതച്ചെലവിന് അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്താൽ കൂടുതൽ കൂലികൊടുത്ത് കൂടുതൽ തൊഴിൽ ദിനം സൃഷ്ടിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story