Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:50 AM IST Updated On
date_range 14 May 2022 5:50 AM ISTകെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ ഡിഫൻസ് ഉദ്യോഗസ്ഥക്ക് 1.77 കോടി നഷ്ടപരിഹാരം
text_fieldsbookmark_border
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികയായ ഡിഫൻസ് ഉദ്യോഗസ്ഥക്ക് 1.77 കോടി നഷ്ടപരിഹാരം നൽകാൻ എം.എ.സി.ടി കോടതി വിധിച്ചു. ആറന്മുള ഇടശേരിമല മാവുനിൽക്കുന്നതിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഗീതാകുമാരിക്കാണ് (49) നഷ്ടപരിഹാരത്തുക ലഭിക്കുക. 2019 മാർച്ച് 19ന് ആറന്മുളക്കടുത്ത് തെക്കമലയിൽനിന്ന് ഇടശേരിമലക്ക് പോയ ഗീതാകുമാരിയുടെ സ്കൂട്ടറിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. തലക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ ഗീതാകുമാരി അഞ്ചുമാസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പുരോഗതിയുണ്ടാകാത്തതിനെത്തുടർന്ന് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പ്രതിരോധ വകുപ്പിൽ സീനിയർ ഓഡിറ്ററായിരുന്ന ഗീതാകുമാരിയെ സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൽ മകൻ ജിതിൻ വി. നായരാണ് ഹരജി നൽകിയത്. ഇതിനെ കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കമ്പനി എതിർത്തു. ഗീതാകുമാരിയെ സർവിസിൽനിന്ന് പിരിച്ചുവിട്ടെങ്കിലും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ അപകടം നടന്നത് മുതൽ റിട്ടയർ ചെയ്തതുവരെയുള്ള കാലയളവിലെ ശമ്പളം മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂവെന്നായിരുന്നു കമ്പനിയുടെ വാദം. ഇത് തള്ളി 1,36,45,018 രൂപ നഷ്ടപരിഹാരമായും ഒമ്പതുശതമാനം പലിശയും കോടതിച്ചെലവും ചേർത്ത് 1,77,73,083 രൂപ ഗീതാകുമാരിക്ക് നൽകണമെന്ന് എം.എ.സി.ടി ജഡ്ജി എസ്. രാധാകൃഷ്ണൻ ഉത്തരവിട്ടു. ഹരജിക്കാർക്കുവേണ്ടി അഡ്വ. മാത്യു ജോർജ്, കെ.കെ. ഹരികുമാർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story