Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:34 AM IST Updated On
date_range 11 Aug 2022 12:34 AM ISTആറന്മുള ക്ഷേത്രത്തിൽ ചേനപ്പാടി പാളത്തൈര് സമർപ്പണം 17ന്
text_fieldsbookmark_border
പൊൻകുന്നം: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചേനപ്പാടി പാളത്തൈര് സമർപ്പണം 17ന് തിരുവാറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടത്തുമെന്ന് പാർഥസാരഥി ഭക്തജനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചേനപ്പാടിയിൽനിന്ന് 17ന് ഘോഷയാത്രയായി 1300 ലിറ്റർ തൈര് ആറന്മുളയിലെത്തിക്കും. അഷ്ടമിരോഹിണി വള്ളസദ്യക്ക് വിളമ്പുന്നതിനുള്ള തൈരാണിത്. ചേനപ്പാടി പാർഥസാരഥി ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് സമർപ്പണ ഘോഷയാത്ര. തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ എന്നിവരുടെ നേതൃത്വത്തിൽ 16ന് മൂന്നിന് ആശ്രമത്തിൽ ഭക്തരുടെ സാന്നിധ്യത്തിൽ പാലിൽ ഉറയൊഴിക്കും. ചേനപ്പാടിയിലെ എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നടത്തിയതിന് ശേഷമാണ് 17ന് തൈര് സമർപ്പണ ഘോഷയാത്ര പുറപ്പെടൽ. ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതിക്ഷേത്രം, ധർമശാസ്തക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ പൂജകളും വഴിപാടുമുണ്ട്. ചേനപ്പാടി എസ്.എൻ.ഡി.പി യോഗം ശാഖ, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെ സഹകരണത്തോടെ തീർഥപാദാശ്രമത്തിൽനിന്ന് തൈര് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിക്കും. രാവിലെ എട്ടിന് ഇവിടെനിന്ന് നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിലേക്ക് പുറപ്പെടും. 11ന് പാർഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പണം നടത്തും. കേളുച്ചാർ രാമച്ചാരുടെ നേതൃത്വത്തിൽ പൂർവകാലത്ത് ചേനപ്പാടി ഗ്രാമത്തിൽനിന്ന് കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിലാണ് തൈര് തയാറാക്കി എത്തിച്ചിരുന്നത്. ഇടക്കാലത്ത് മുടങ്ങിപ്പോയ ആചാരം 12വർഷം മുമ്പ് പാളത്തൈര് ചരിത്രം തിരിച്ചറിഞ്ഞ് ആറന്മുള കരക്കാരും ചേനപ്പാടി കരക്കാരും ചേർന്ന് വീണ്ടും തുടങ്ങിയതാണ്. വാർത്തസമ്മേളനത്തിൽ സമിതി രക്ഷാധികാരി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ, ഭാരവാഹികളായ ശശിധരൻ നായർ ഹരിവിഹാർ, സോമൻ ആര്യശ്ശേരിൽ, കെ.എസ്. ജയകൃഷ്ണൻ കുറ്റിക്കാട്ട്, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, പി.പി വിജയകുമാർ, ടി.ജി. അഭിലാഷ്, എൻ.എസ്. വിജയകുമാർ, കെ.സി. രഞ്ജൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story