Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:42 AM IST Updated On
date_range 9 March 2022 5:42 AM ISTമൂന്നുമാസം കൊണ്ട് 10.54 ലക്ഷം വരുമാനം
text_fieldsbookmark_border
കോട്ടയം: പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പൊതുമരാമത്ത് വകുപ്പിന്‍റെ റെസ്റ്റ് ഹൗസുകളിലൂടെ ജില്ലയിൽ ലഭിച്ചത് 10. 54 ലക്ഷം രൂപയുടെ വരുമാനം. കഴിഞ്ഞ നവംബര്‍ ഒന്നുമുതലാണ് ഓണ്‍ലൈന്‍ ബുക്കിങ് നടത്തി റെസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുങ്ങിയത്. മൂന്നുമാസത്തിനകം ജില്ലയിലെ റെസ്റ്റ് ഹൗസുകളില്‍നിന്ന് 10,54,038 രൂപ വരുമാനം നേടാനായതായി പൊതുമരാമത്ത് ബില്‍ഡിങ്സ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അനിത മാത്യു പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. കോവിഡ് കാലത്തെ അപേക്ഷിച്ച് പതിന്മടങ്ങ് വർധനയാണ് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമാരംഭിച്ചപ്പോള്‍ ഉണ്ടായത്. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്ക് താമസസൗകര്യം അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു താമസ സൗകര്യമുണ്ടായിരുന്നത്. ഇതും വരുമാനം കുറയുന്നതിനിടയാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതുമാണ് വരുമാന വർധനക്ക് കാരണമായത്. ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് കോട്ടയം റെസ്റ്റ് ഹൗസിനാണ്. 259 ഓണ്‍ലൈന്‍ ബുക്കിങ്ങും 222 കൗണ്ടര്‍ ബുക്കിങ്ങും ഉള്‍പ്പെടെ 481 ബുക്കിങ്ങുകളില്‍നിന്നായി 3,63,571 രൂപയാണ് വരുമാനം ലഭിച്ചത്. ചങ്ങനാശ്ശേരി റെസ്റ്റ് ഹൗസില്‍നിന്ന് 1,14,368 രൂപയും പാലാ, അരുണാപുരം, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് 4,53,894 രൂപയും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍നിന്ന് 1,22,205 രൂപയുമാണ് ലഭിച്ചത്. ജില്ലയിൽ 10 റെസ്റ്റ് ഹൗസുകളാണുള്ളത്. ഇതിൽ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി റെസ്റ്റ് ഹൗസുകള്‍ ഒന്നാം ഗ്രേഡിലും പാലാ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവ രണ്ടാം ഗ്രേഡിലുമാണ് ഉള്‍പ്പെടുന്നത്. ഒന്നാം ഗ്രേഡിലുള്ള എ.സി ഇല്ലാത്ത ഡബിള്‍ മുറികള്‍ക്ക് 600 രൂപയും എ.സി മുറികള്‍ക്ക് 1000 രൂപയും സ്യൂട്ട് റൂമിന് 1500 രൂപയും എ. സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. രണ്ടാം ഗ്രേഡിലുള്ള എ.സി ഇല്ലാത്ത മുറികള്‍ക്ക് 400 രൂപയും എ.സി മുറികള്‍ക്ക് 750 രൂപയും സ്യൂട്ട് റൂമിന് 1000 രൂപയും എ.സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനുള്ള ഇടങ്ങളായി മാറുകയാണ് ജില്ലയിലെ റെസ്റ്റ് ഹൗസുകള്‍. ഓണ്‍ലൈന്‍ ബുക്കിങ്ങിന് സാധിക്കാത്തവര്‍ക്ക് ബുക്ക് അറ്റ് കൗണ്ടർ സൗകര്യവുമുണ്ട്. കോട്ടയം റെസ്റ്റ് ഹൗസിൽ 5.9 കോടി രൂപയുടെ പുതിയ കെട്ടിടം കോട്ടയം റെസ്റ്റ് ഹൗസിനോട് ചേര്‍ന്ന് 16 എ.സി മുറികളും കോണ്‍ഫറന്‍സ് ഹാളും കാന്‍റീന്‍ ബ്ലോക്കുമുള്ള പുതിയ മൂന്നുനില കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 5.9 കോടി ചെലവിൽ നിര്‍മിച്ചിട്ടുള്ള 1800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്‍റെ ഫര്‍ണിഷിങ് ജോലി പൂർത്തീകരിച്ചാലുടൻ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നിലവിലെ കെട്ടിടത്തില്‍ നാലു ബ്ലോക്കുകളിലായി 23 മുറികളാണുള്ളത്. മാനേജർ ഉള്‍പ്പെടെ എട്ട് ജീവനക്കാരാണ് ജോലിയിലുള്ളത് കാഞ്ഞിരപ്പള്ളി റെസ്റ്റ് ഹൗസില്‍ വി.ഐ.പി മുറിയും പി.ഡബ്‌ള്യു.ഡി മുറിയും മാത്രമുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന്‍റെ പരിധിയില്‍ ഉൾപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story