Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:45 AM IST Updated On
date_range 2 April 2022 5:45 AM ISTമഴ ആശങ്കക്കിടെ കൊയ്ത്ത് തുടരുന്നു; 10,000 ടൺ നെല്ല് സംഭരിച്ചു
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ പുഞ്ചക്കൊയ്ത്ത് സജീവമായതോടെ നെല്ല് സംഭരണത്തിൽ പുരോഗതി. കഴിഞ്ഞ ദിവസം വരെ 10,000 ടൺ നെല്ലാണ് സപ്ലൈകോയുടെ മേൽനോട്ടത്തിൽ ജില്ലയിൽനിന്ന് സ്വകാര്യമില്ലുകൾ സംഭരിച്ചിരിക്കുന്നത്. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ, തലയാഴം,പായിപ്പാട്, നാട്ടകം എന്നിവിടങ്ങളിലാണ് കൊയ്ത്ത്. കല്ലറയാണ് ഏറെമുന്നിൽ. ഇവിടെ കൊയ്ത്ത് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇത്തവണ വിവിധ സമയങ്ങളിൽ വിതയിറക്കിയതിനാൽ ജൂൺ പകുതിയോടെ മാത്രമേ വിളവെടുപ്പ് പൂർത്തിയാകൂ. ഇതിനിടെ വേനൽമഴ ശക്തമായാൽ കൊയ്ത്ത് താളംതെറ്റുമെന്ന ആശങ്കയുമുണ്ട്. ഇതുവരെ മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. മഴ കാര്യമായി പെയ്യാത്തതിനാൽ ഈർപ്പം അടക്കമുള്ള പ്രശ്നങ്ങൾ ഉടലെടുത്തിട്ടില്ല. അതിനാൽ തർക്കങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും നെല്ലെടുപ്പ്. മുൻ കാലങ്ങളിൽ കിഴിവിനെ ചൊല്ലി മില്ലുടമകളും കർഷകരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ജില്ലയിൽനിന്ന് 18 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഏറണാകുളത്തുനിന്നുള്ള മില്ലുകളാണ് ഇതിൽ കൂടുതൽ. പല ഘട്ടങ്ങളിലായാണ് കൊയ്ത്ത് എന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങൾക്കും ക്ഷാമമില്ല. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്. ഇത്തവണ കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയും വർധിപ്പിച്ചിരുന്നു. ജില്ലയിൽ പുഞ്ചക്കൊയ്ത്തിന് സാധാരണ പ്രദേശത്ത് മണിക്കൂറിന് പരമാവധി 2000 രൂപയും വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്ന സ്ഥലത്ത് 2300 രൂപയും ഈടാക്കാനായിരുന്നു ധാരണ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് ഇത്തവണ ജില്ലയിൽ പുഞ്ചകൃഷി. അത്യുൽപാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ കുറഞ്ഞ അളവിൽ ജ്യോതിയും കൃഷി ചെയ്യുന്നുണ്ട്. നിലം ഒരുക്കൽ, ഞാറ് നടീൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story