Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:34 AM IST Updated On
date_range 11 May 2022 5:34 AM ISTപുതിയതരം ഉൽപ്രേരകം: എം.ജി സർവകലാശാലക്ക് പേറ്റന്‍റ്
text_fieldsbookmark_border
കോട്ടയം: കാർബണിക തന്മാത്രയുടെ രൂപവത്കരണത്തിന് ഉപയോഗിക്കുന്ന രാസപ്രവർത്തനങ്ങളെ കൂടുതൽ സുഗമവും ലാഭകരവുമാക്കുന്ന പുതിയതരം ഉൽപ്രേരകം ഗവേഷണത്തിലൂടെ വികസിപ്പിച്ച മഹാത്മാഗാന്ധി സർവകലാശാലക്ക് കേന്ദ്ര സർക്കാറിന്‍റെ പേറ്റന്‍റ്. സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അധ്യാപകൻ ഡോ. എസ്. അനസിന്‍റെ മേൽനോട്ടത്തിൽ ഡോ. പി.ആർ. ശ്രുതി നടത്തിയ ഗവേഷണഫലമായാണ് ഈ നൂതന ഉൽപ്രേരക (കാറ്റലിസ്റ്റ്)ത്തിന്‍റെ ഉൽപാദനത്തിനും ബൃഹത്തായ ഉപയോഗത്തിനും വഴിതുറക്കുന്ന പേറ്റന്റിന് സർവകലാശാലയെ അർഹമാക്കിയത്. പുനർചംക്രമണം നടത്തി ഒട്ടേറെ രാസപ്രവർത്തനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പലേഡിയം അടിസ്ഥാനമായുള്ള നൂതന പോളിമർ സംയോജിത ലോഹ ഉൽപ്രേരകമാണ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചത്. നിലവിൽ പലേഡിയം അടിസ്ഥാനമാക്കിയുള്ള ലോഹസംയുക്തങ്ങളാണ് ഉൽപ്രേരകങ്ങളായി പ്രധാനമായും ഉപയോഗിച്ചു വരുന്നത്. എന്നാൽ, ഈ സംയുക്തങ്ങളുടെ ഉയർന്ന വിലയും ലഭ്യതക്കുറവും മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകരമാകുന്നതാണ് പുതിയ കണ്ടുപിടിത്തം. പുനരുപയോഗിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹാർദപരവുമായ ഇത്തരത്തിലുള്ള ബദൽ ഉൽപ്രേരകങ്ങളുടെ വ്യാപകമായ ഉപയോഗസാധ്യതകൾ ഈ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടും. ചെലവ് കുറഞ്ഞ മാർഗങ്ങളിലൂടെ വളരെ എളുപ്പം നിർമിക്കാനാവുമെന്നതുകൊണ്ടും വലിയ തോതിൽ പുനരുപയോഗക്ഷമതയുള്ളതുകൊണ്ടും ഈ നൂതന ഉൽപ്രേരകത്തിന് കാർബണിക രസതന്ത്ര ശാഖയിൽ ഭാവിയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. പടം KTG DR s anas ഡോ. എസ്. അനസ് KTG DR PR SRUTHI ഡോ. പി.ആർ. ശ്രുതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story