Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:35 AM IST Updated On
date_range 1 May 2022 5:35 AM ISTവീടിന് നിർമാണ വിലക്ക്: പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് മാറ്റം
text_fieldsbookmark_border
കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺകുമാറിനെ സ്ഥലം മാറ്റി. നേരത്തേ സിൽവർലൈൻ അലൈൻമെന്‍റിൽ ഉൾപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പനച്ചിക്കാട് പഞ്ചായത്ത് വീടിനു നിർമാണ വിലക്ക് ഏർപ്പെടുത്തിയത് വൻ വിവാദമായിരുന്നു. പിന്നീട് അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദവുമായിരുന്നു. ഇതിൽ സെക്രട്ടറിയെ പ്രതിസ്ഥാനത്തുനിർത്തി സി.പി.എം നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റം. കടുത്തുരുത്തിയിലെ മുളക്കുളം പഞ്ചായത്ത് സെക്രട്ടറിയായാണ് പുതിയ നിയമനം. വീടിന്‍റെ രണ്ടാം നില പണിയാൻ ബിൽഡിങ് പെർമിറ്റിനായി കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരക്കൽ ജിമ്മി ഈശോ മാത്യു നൽകിയ അപേക്ഷയാണ് പനച്ചിക്കാട് പഞ്ചായത്ത് തള്ളിയത്. സിൽവർലൈൻ കടന്നുപോകുന്ന പ്രദേശമായതിനാൽ പഞ്ചായത്തിന് അനുമതി നൽകാനാകില്ലെന്നും കെ-റെയിലിന്‍റെ എൻ.ഒ.സി വേണമെന്നും സെക്രട്ടറി അറിയിക്കുകയായിരുന്നു. എൻ.ഒ.സി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർലൈൻ തഹൽസിൽദാർക്ക് കത്തും നൽകി. ഇതുമായി ഇവർ കലക്ടറേറ്റിലെ കെ-റെയിൽ സ്പെഷൽ തഹൽസിൽദാർ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. രണ്ടുമാസം പിന്നിട്ടിട്ടും അപേക്ഷയിൽ തീരുമാനമാകാതെ വന്നതോടെ ഇക്കാര്യം ജിമ്മിയുടെ കുടുംബം മാധ്യമങ്ങളെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തും പുറത്തുവന്നു. ഇതോടെ വിഷയം ചർച്ചയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ളവർ സ്ഥലത്തെത്തുകയും കോൺഗ്രസ് വൻ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതിനു പിന്നാലെ അനുമതി ആവശ്യമില്ലെന്ന് കെ-റെയിൽ വ്യക്തമാക്കുകയും പഞ്ചായത്ത് നിർമാണത്തിനുള്ള പെർമിറ്റ് അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു. പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫും പഞ്ചായത്തും സെക്രട്ടറിയും ചേർന്ന ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും സി.പി.എം നേതാക്കൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story