Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:48 AM IST Updated On
date_range 22 April 2022 5:48 AM ISTകഞ്ചാവ് കടത്തുമായി ഗുണ്ടസംഘങ്ങൾ
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ കഞ്ചാവ് അടക്കമുള്ളവയുടെ വിൽപന സജീവമായതിനു പിന്നിൽ ഗുണ്ടകളുടെ ഇടപെടലെന്ന് പൊലീസ്. ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടസംഘങ്ങളിൽ ഭൂരിഭാഗവും കഞ്ചാവ് കടത്തലിൽ സജീവമായതോടെ വൻതോതിൽ ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതായാണ് വിലയിരുത്തൽ. ജില്ലയിലെ മിക്ക ക്വട്ടേഷൻ സംഘങ്ങൾക്കും ലഹരികടത്ത് ശൃംഖലയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ഇടനിലക്കാരിൽനിന്ന് ചെറിയ വിലയ്ക്ക് വാങ്ങുന്നവ ജില്ലയിലടക്കം എത്തിച്ച് മറിച്ചു വിൽക്കുകയാണ്. കോട്ടയം അടക്കമുള്ള ജില്ലകളിൽ എത്തിക്കുന്ന കഞ്ചാവ് ചില്ലറ വിൽപനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് ഇവർ സ്വന്തമാക്കുന്നത്. ഇതുപയോഗിച്ച് ആഡംബരജീവിതം നടത്തുകയാണ് ചെയ്യുന്നത്. പൊലീസിന്‍റെ കണക്കനുസരിച്ച് ജില്ലയിൽ 175 ഗുണ്ടകളാണുള്ളത്. ഇവരിൽ പകുതിയിലധികം ലഹരികടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇവർ നേരിട്ടല്ല ഇടപാടുകൾ. ഒപ്പമുള്ളവരാണ് വാഹനങ്ങളിൽ കടത്തിക്കൊണ്ടുവരുന്നത്. ഇതിന്‍റെ നിയന്ത്രണമാണ് ഗുണ്ടനേതാക്കൾക്ക്. രണ്ട് വർഷത്തിനുള്ളിൽ വൻതോതിൽ ലഹരിയുമായി പിടിക്കപ്പെടുന്നവരിലേറെയും ഗുണ്ടകളോ അവരോട് അടുപ്പം പുലർത്തുന്നവരോ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ പെട്രോൾ പമ്പുകളിൽനിന്ന് പണം കവരുക, ബൈക്കിലെത്തി മാലകവരുക, മറ്റ് മോഷണങ്ങൾ ഇവയൊക്കെ പതിവായി നടത്തിയിരുന്ന പലരും ഇപ്പോൾ നിശ്ശബ്ദമാണ്. ഇതിനു കാരണം ലഹരികടത്താണെന്നും പൊലീസ് പറയുന്നു. കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയാലും കവർച്ച മുതൽ വിറ്റ് പണമാക്കുന്നതാണ് വെല്ലുവിളി. ഇതിനിടെ അകത്തുമാകും. ഇതോടെയാണ് ലഹരികടത്തിലേക്ക് മാറിയത്. പെട്ടെന്ന് കൂടുതൽ പണം ലഭിക്കുമെന്നാണ് ഇവരെ ആകർഷിക്കുന്നത്. കേസുകൾ നടത്താനടക്കം ഇത്തരത്തിലാണ് ഇവർ തുക കണ്ടെത്തുന്നത്. വിദ്യാർഥികളടക്കം കഞ്ചാവ് ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചതും ഇവർക്ക് ചാകരയാണ്. കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ആർപ്പൂക്കര സ്വദേശി അലോട്ടി പിടിക്കപ്പെടുന്നതിനുമുമ്പ് ഒരു വർഷത്തോളം കഞ്ചാവ് കടത്ത് മാത്രമായിരുന്നു നടത്തിയിരുന്നത്. പതിവായി പെട്രോൾ പമ്പുകളിൽനിന്ന് പണം മോഷ്ടിച്ചിരുന്ന കൊലക്കേസ് പ്രതി ലുതീഷ് പുൽച്ചാടിയും ദീർഘനാൾ കഞ്ചാവ് കടത്ത് മാത്രമായിരുന്നു. പിടികൂടാനുള്ള സാധ്യത കുറവാണെന്നതും ക്രിമിനൽ സംഘങ്ങൾ ലഹരികടത്തിൽ സജീവമാകാൻ കാരണമാകുന്നുണ്ട്. ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലമുള്ള ഒറ്റുമൂലമാണ് പലപ്പോഴും പിടികൂടുന്നത്. എന്നാൽ, പിടിയിലാകുന്നത് ചില്ലറ വിൽപനക്കാരാകും. ജയിലിൽ കിടന്നും ലഹരികടത്ത് നിയന്ത്രിക്കുന്ന ഗുണ്ടകളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. നഗരങ്ങൾക്കൊപ്പം ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് വിൽപന വ്യാപകമാണ്. വിദ്യാർഥികൾക്കടക്കം എത്തിക്കാൻ ഏജന്‍റുമാരും സജീവമാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കഞ്ചാവ് വിൽപനയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പണം മോഹിച്ച് വലിയതോതിൽ യുവാക്കളും വിൽപന ശൃംഖലകളിൽ കണ്ണിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story