Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:47 AM IST Updated On
date_range 22 April 2022 5:47 AM ISTനാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കിലെ 'കാട്' തെളിച്ചുതുടങ്ങി
text_fieldsbookmark_border
കോട്ടയം: തുറക്കുന്നതിന് മുന്നോടിയായി നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കിൽ നവീകരണം തുടങ്ങി. മാസങ്ങളായി അടഞ്ഞുകിടന്നതോടെ വളർന്നുപൊങ്ങിയ പുല്ലും കാടും നീക്കുന്ന ജോലികളാണ് വ്യാഴാഴ്ച നടന്നത്. യന്ത്രം ഉപയോഗിച്ച് പാര്‍ക്കിലെ നടപ്പാതയിലേക്കും പുല്‍തകിടിയിലും വളര്‍ന്നുനിന്ന പുല്ല് വെട്ടിമാറ്റി വൃത്തിയാക്കി. പാര്‍ക്കിനുള്ളിലെ കുളങ്ങളും വൃത്തിയാക്കി. വെള്ളിയാഴ്ചയും വൃത്തിയാക്കല്‍ തുടരും. പമ്പിങ്ങും ആരംഭിച്ചിട്ടുണ്ട്. മേയ് മൂന്നിന് പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പാർക്കിന്‍റെ നടത്തിപ്പ് കരാർ നൽകാനാണ് തീരുമാനം. ഇതടക്കമുള്ള കാര്യങ്ങളിൽ വെള്ളിയാഴ്ച ചേരുന്ന നഗരസഭ യോഗം തീരുമാനമെടുക്കും. റൈഡുകളുടെ അറ്റകുറ്റപ്പണി, പെയിന്‍റിങ്, മറ്റ് ജോലികള്‍ എന്നിവ പാര്‍ക്ക് നടത്തിപ്പ് കരാറെടുക്കുന്ന എജൻസിയാകും ചെയ്യുക. തുറന്നുനൽകിയ ശേഷമാകും ഇത്തരം ജോലികൾ നടത്തുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.62 കോടിയും കോട്ടയം നഗരസഭയുടെ 45 ലക്ഷം അടക്കം 2.07 കോടി മുടക്കിയാണ് പാര്‍ക്ക് ആധുനികരീതിയില്‍ നവീകരിച്ചത്. ആധുനികരീതിയിലുള്ള റൈഡുകൾ, അപകടരഹിതമായ സ്ലൈഡുകള്‍, ഏണിപ്പടികള്‍, ഊഞ്ഞാലുകള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. പാര്‍ക്കിലെ മരങ്ങള്‍ക്ക് ചുറ്റും തിട്ടകെട്ടിയും പുല്‍ത്തകിടി നിര്‍മിച്ചും പാര്‍ക്ക് മനോഹരമാക്കിയിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പാര്‍ക്കില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള നവീകരണമാണ് നടത്തിയത്. 2019 ഡിസംബറില്‍ പാര്‍ക്ക് തുറന്നുനൽകി. എന്നാൽ, ഏതാനും മാസങ്ങള്‍ക്കുശേഷം കോവിഡിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് വിനോദസഞ്ചാര മേഖലകള്‍ തുറന്നുകൊടുത്തിട്ടും നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്ക് തുറന്ന് നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തിൽ കോടതി ഇടപെടലുമുണ്ടായിരുന്നു. മേയ് മൂന്നുമുതൽ വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ടുവരെ പാര്‍ക്ക് തുറന്ന് നല്‍കാനാണ് ധാരണ. പ്രവേശനത്തിന് ഫീസും ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story