Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:41 AM IST Updated On
date_range 18 April 2022 5:41 AM ISTപെരുമഴക്ക് നേരിയ ശമനം: കർഷകർ വീണ്ടും കൊയ്ത്തുകളത്തിലേക്ക്
text_fieldsbookmark_border
കോട്ടയം: രണ്ടുദിവസം മഴമാറി മാനം തെളിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ വീണ്ടും കൊയ്ത്താരംഭിച്ചു. വരുംദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ കുറെയെങ്കിലും നെല്ല് കൊയ്‌തെടുത്ത് കൂടുതല്‍ നഷ്ടം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പാടത്ത് വിളഞ്ഞ നെല്ലിൻെറ നല്ലൊരു പങ്കും നിലത്ത് വീണടിഞ്ഞ് കിളിര്‍ത്തുപോയി. അവശേഷിക്കുന്ന നെല്ലാണ് ഇപ്പോള്‍ കൊയ്‌തെടുക്കുന്നത്. ഏക്കറിന് 30 ക്വിന്‍റല്‍ നെല്ലുവരെ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് 15 മുതല്‍ 18 ക്വിന്‍റല്‍ മാത്രമാണ് ലഭിക്കുന്നത്. കൊയ്ത്തുയന്ത്രം പാടത്തു താഴ്ന്നു പോകുന്നതാണ് കുട്ടനാടന്‍ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. താഴ്ന്ന പാടങ്ങളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്തു കളഞ്ഞാണ് നെല്‍കൃഷി നടത്തുന്നത്. അതിനാല്‍ പാടത്ത് കൂടുതല്‍ ചാലുകള്‍ കീറി മോട്ടോറിൻെറ കുഴിയില്‍ എത്തിച്ചുവേണം വെള്ളം പുറംതള്ളാന്‍. അപ്രതീക്ഷിതമായുണ്ടായ മഴ കുട്ടനാട്ടില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കുമരകം കൃഷിഭവന് കീഴിലെ 700 ഏക്കറിലെ കൊയ്ത്താണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. മഴ ചതിച്ചതുകാരണം മെത്രാന്‍ കായലിലെ 404 ഏക്കറില്‍ ഇനിയും കൊയ്ത്ത് തുടങ്ങാനായില്ല. പത്തുപങ്കില്‍ കൊയ്ത്ത് ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും പകുതിമാത്രമേ പൂര്‍ത്തിയാക്കാനായുള്ളു. 40 ഏക്കര്‍ മാത്രമുള്ള കുഴിക്കണ്ടം പാടത്തും കൊയ്ത്ത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. വടക്കേ പള്ളിപ്പാടം, തെക്കേപള്ളിപ്പാടം, കുറിയമട തുടങ്ങിയ പാടങ്ങളിലെയും കൊയ്ത്ത് അവശേഷിക്കുകയാണ്. അയ്മനം പഞ്ചായത്തില്‍ ഇനിയും 750 ഏക്കറിലെ കൊയ്ത്ത് നടക്കേണ്ടതായിട്ടുണ്ട്. വട്ടക്കായല്‍ തട്ടേപ്പാടം, തൊള്ളായിരം പാടങ്ങള്‍, പള്ളിയാകരി പറക്കരി, നടുവത്തടി, കാരാമ, പട്ടേല്‍ പടവ്, കോഴിപ്പള്ളി തുടങ്ങിയ അയ്മനത്തെ പാടങ്ങളിലും കൊയ്ത്ത് ഏങ്ങുമെത്താത്ത സ്ഥിതിയാണ്. തിരുവാര്‍പ്പിലും കൊയ്ത്തും നെല്ലുസംഭരണവും മഴമൂലം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ന്യൂനമര്‍ദവും വേനല്‍മഴയും ഒരുപരിധിയിൽ ഒതുങ്ങി കൊയ്ത്ത് പുനരാരംഭിച്ച പ്രതീക്ഷയിലും ആശ്വാസത്തിലാണ് കര്‍ഷകർ. KTL Paadam കൊയ്ത്ത് പുനരാരംഭിക്കുന്ന കർഷകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story