Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:51 AM IST Updated On
date_range 14 April 2022 5:51 AM ISTഅഡ്വ. എം.പി. ഗോവിന്ദന്‍ നായർ അന്തരിച്ചു
text_fieldsbookmark_border
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കോട്ടയം ഈരയിൽക്കടവ് സുധർമയിൽ അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ (96) അന്തരിച്ചു. 1962ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ഗോവിന്ദന്‍ നായര്‍ 2012 മുതല്‍ 2015 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുട്ടമ്പലം ശ്മശാനത്തിൽ. അഭിഭാഷകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം 2019 വരെ കോടതിയിൽ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി, എ.ഐ.സി.സി അംഗം, എന്‍.എസ്.എസ് പ്രതിനിധിസഭ അംഗം, ഡയറക്ടര്‍ ബോര്‍ഡ് അംഗം, ആതുരസേവ സംഘം പ്രസിഡന്‍റ് നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം പാറമ്പുഴ പുത്തന്‍പുരയില്‍ എന്‍. പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രില്‍ 27നായിരുന്നു ജനനം. സ്കൂള്‍പഠനത്തിനുശേഷം കോട്ടയം സി.എം.എസ് കോളജില്‍ ഇന്‍റര്‍മീഡിയറ്റ്, ആലുവ യു.സി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ഇക്കണോമിക്സില്‍ ബി.എ ബിരുദം എന്നിവ നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍നിന്ന് ബി.എല്‍ പാസായി. 1950 നവംബറില്‍ കോട്ടയം ബാറിലെ അഭിഭാഷകനായി. ഇതിനൊപ്പം യൂത്ത് കോൺഗ്രസിലും സജീവമായിരുന്ന ഗോവിന്ദന്‍ നായര്‍ 24ാം വയസ്സില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റായി. 1960ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോട്ടയം നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഗോവിന്ദന്‍ നായര്‍, സി.പി.ഐയുടെ എന്‍. രാഘവ കുറുപ്പിനെ തോല്‍പിച്ച് നിയമസഭയിലെത്തി. 34ാം വയസ്സില്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ അംഗമായി. ആരോഗ്യത്തിന് പുറമെ വനം, ദേവസ്വം വകുപ്പുകളുടെയും ചുമതല വഹിച്ചു. 16 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ ഈ മന്ത്രിസഭ വീണു. എന്നാൽ, ഇവർക്കൊപ്പം ചേരാതെ ഗോവിന്ദന്‍ നായര്‍ കോൺഗ്രസുകാരനായി തുടർന്നു. 1965ലും 1967ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്നപ്പോള്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും ഏറെ മുന്‍കൈ എടുത്തിരുന്നു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ രാജയുടെ മകള്‍ പരേതയായ ശാരദ ദേവിയാണ് ഭാര്യ. മകള്‍: സുധ. മരുമകന്‍: റിട്ട. കേണല്‍ പി.എസ്.സി. നായര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പിതൃസഹോദര പുത്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story