Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:36 AM IST Updated On
date_range 10 April 2022 5:36 AM ISTഎം.ജി ഗവേഷക ഫെലോഷിപ്; പകുതിയോളം വിദ്യാർഥികൾ പുറത്ത്
text_fieldsbookmark_border
കോട്ടയം: അപേക്ഷകരിൽ പകുതിയോളം പേരെ പുറത്തുനിർത്തി എം.ജി സർവകലാശാലയിൽ ഫെലോഷിപ് വിതരണം. ഇതിനെതിരെ ഗവേഷക വിദ്യാർഥികൾ പ്രതിഷേധത്തിന്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഫെലോഷിപ്പിന് സർവകലാശാല അപേക്ഷ ക്ഷണിച്ചപ്പോൾ 304 പേരാണ് അപേക്ഷിച്ചത്. ഇതിൽ 150 പേർക്കുമാത്രം ഫെലോഷിപ് നൽകാനാണ് കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൾ കേരള റിസർച് സ്കോളേഴ്സ് അസോസിയേഷൻ (എ.കെ.ആർ.എസ്.എ) പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ പിഎച്ച്.ഡി ചെയ്യുന്ന എല്ലാവർക്കും ഫെലോഷിപ് അനുവദിക്കുമ്പോൾ എം.ജിയിൽ മാത്രം ഇത് നിഷേധിക്കപ്പെടുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. രണ്ടുവർഷമായി സർവകലാശാല അപേക്ഷ ക്ഷണിക്കുകയോ പുതുതായി ആർക്കെങ്കിലും ഫെലോഷിപ് അനുവദിക്കുകയോ ചെയ്തിട്ടില്ല. കോവിഡിന്‍റെ പശ്ചാത്തലത്തിൽ യു.ജി.സി അടക്കം നിരവധി ഇളവുകൾ നൽകിയിട്ടും. ഇളവുകൾ നൽകാനോ ഫീസുകൾ കുറക്കാനോ നഷ്ടമായ ഗവേഷണ കാലാവധി അനുവദിക്കാനോ എം.ജി സർവകലാശാല തയാറായിരുന്നില്ല. ഇതിനിടെയാണ് ഗവേഷക വിദ്യാർഥികൾക്കുള്ള അനുകൂല്യംകൂടി ഇല്ലാതാക്കുന്ന നടപടി. അപേക്ഷകരിൽനിന്ന് 150 പേരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ വിചിത്രമാണെന്നും ആക്ഷേപമുണ്ട്. രാജ്യത്ത് ഒരുസർവകലാശാലയിലും ഇല്ലാത്ത തരത്തിലെ മാനദണ്ഡങ്ങളാണ് ഇതിന് സ്വീകരിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എ.കെ.ആർ.എസ്.എ ഭാരവാഹികൾ പറയുന്നു. സയൻസ് വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് ലാബിലേക്കുള്ള വസ്തുക്കൾ വാങ്ങാനടക്കം വലിയ തുകയാണ് ചെലവാകുന്നത്. പിഎച്ച്.ഡി പ്രബന്ധം സമർപ്പിക്കുന്ന ഘട്ടത്തിൽ മാത്രം അമ്പതിനായിരത്തോളം രൂപയാകും ചെലവ്. ഇത്തരം ചെലവുകൾക്കിടെ ഫെലോഷിപ് തുക വിദ്യാർഥികൾക്ക് ആശ്വാസമായിരുന്നു. നേരത്തേ അപേക്ഷിച്ച എല്ലാവർക്കും ഫെലോഷിപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.കെ.ആർ.എസ്.എ ഭാരവാഹികൾ വൈസ് ചാൻസലർ അടക്കമുള്ളവരെ കണ്ട് നിവേദനം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാവർക്കും ഫെലോഷിപ് അനുവദിക്കാതിരിക്കാൻ കാരണമായി ഇവർ വ്യക്തമാക്കിയത്. എന്നാൽ, വിദ്യാർഥികൾ ഇത് തള്ളുകയാണ്. ഫെലോഷിപ്പിനുള്ള തുക വകമാറ്റുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിൻഡിക്കേറ്റ് യോഗം നടന്ന വെള്ളിയാഴ്ച ഗവേഷകർ സർവകലാശാല കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി അപേക്ഷിച്ച എല്ലാവർക്കും ഫെലോഷിപ് അനുവദിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story