Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ കനിഞ്ഞു; കോടിമത...

മഴ കനിഞ്ഞു; കോടിമത ജെട്ടിയിൽ ബോട്ടുകൾക്ക്​ സുഖസവാരി

text_fields
bookmark_border
പോളശല്യത്തിന്​ താൽക്കാലിക ആശ്വാസം കോട്ടയം: മഴ കനിഞ്ഞതോടെ പോള നീങ്ങി. കോടിമത ജെട്ടിയിൽ ബോട്ടുകൾക്ക്​ സുഖസവാരി. പോളശല്യം രൂക്ഷമായതോടെ ജലഗതാഗത വകുപ്പിന്‍റെ ബോട്ട്​ സർവിസുകൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. കോടിമത ജെട്ടിയിൽ വെള്ളം കാണാൻ കഴിയാത്തവിധം പോള നിറഞ്ഞതോടെ ബോട്ട്​ അടുപ്പിക്കുന്നത്​ ജീവനക്കാർക്ക്​ വെല്ലുവിളിയായിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി കോടിമതയിലെ പോള നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കോട്ടയം നഗരസഭക്കും ജ​ലസേചന വകുപ്പിനും ജലഗതാഗത വകുപ്പ്​ കത്ത് നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. ഉടൻ ഇവ നീക്കിയില്ലെങ്കിൽ ശല്യം വർധിക്കുമെന്നും ബോട്ട്​ സർവിസ്​ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കനാലിന്‍റെ ചുമതലയുള്ള വകുപ്പോ നഗരസഭയോ അനങ്ങിയില്ല. ​മുൻ വർഷങ്ങളിൽ നഗരസഭ ഫണ്ടിൽനിന്ന്​ ഇതിനായി പണം അനുവദിച്ചിരുന്നു. ഇത്തവണ നഗരസഭയും പായൽ 'കണ്ടില്ല'. ഇതിനിടെയാണ്​ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും കോടിമതയിലെ പായൽ ഒഴുകിനീങ്ങിയത്​. ഇതോടെ ബോട്ട്​ ജെട്ടി ഭാഗത്തെ​ പായൽ പൂർണമായി നീങ്ങി. എന്നാൽ, ഇത്​ കോടിമതയിൽനിന്ന്​ ഒഴുകിനീങ്ങിയെങ്കിലും താഴെ ബോട്ട്​ പാതയിൽ തന്നെയാണെന്ന്​ എത്തിയതെന്ന്​ ജലഗതാഗത വകുപ്പ്​ ജീവനക്കാർ പറയുന്നു. താൽക്കാലിക ആശ്വാസംമാത്രമാണിത്​. പ്രശ്നത്തിന്​ പൂർണപരിഹാരമായിട്ടില്ല. അടുത്ത ദിവസങ്ങളിലും മഴ ശക്തമായാൽ പോളയും പായലും ഒഴുകി കായലിലേക്ക്​ നീങ്ങിയേക്കാമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്​. പോളശല്യത്തെതുടർന്ന്​ ബോട്ടുകളുടെ യാത്ര ​വൈകുന്നത്​ പതിവായിരുന്നു. കോടിമതയിൽനിന്ന് പള്ളം കായല്‍ വഴി രണ്ടര മണിക്കൂര്‍കൊണ്ട് ആലപ്പുഴ എത്തിയിരുന്ന ബോട്ട് ഇപ്പോൾ മൂന്നുമണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്​​. ഇത്​ സ്ഥിരം യാത്രക്കാർക്ക്​ തിരിച്ചടിയാണ്​. പരീക്ഷ നടക്കുന്ന സമയമായതിനാൽ വിദ്യാർഥികളെയടക്കം ഇത്​ വലക്കുന്നുമുണ്ട്​. കൂടുതൽ സമയമെടുക്കുന്നത്​ സഞ്ചാരികളെയും ബോട്ടുകളിൽനിന്ന്​ അകറ്റുകയാണ്​. അടുത്തിടെ പള്ളം കായൽ ഭാഗത്തും പോള​ശല്യം വർധിച്ചിരുന്നു. ഫെബ്രുവരി മുതല്‍ കോടിമത ജെട്ടിയിൽ ജലപാതയില്‍ പോളയും പുല്ലും നിറഞ്ഞിരുന്നു. അടുത്തിടെയാണ്​ പ്രതിസന്ധി രൂക്ഷമാക്കി പള്ളം ബ്ലോക്കിലും പോള തിങ്ങിനിറഞ്ഞത്​. പഴുക്കാനില കായലിൽനിന്നാണ്​ ​കോടിമതയിലേക്ക്​ പോളകൾ എത്തുന്നത്​. പോള നിറഞ്ഞ ജലപാതയിലൂടെ ബോട്ട് സര്‍വിസ് നടത്തുമ്പോള്‍ പ്രൊപ്പല്ലറില്‍ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നത് പതിവാണ്​. തുടർന്ന്​ ജീവനക്കാർ വെള്ളത്തിൽ മുങ്ങി ഇത്​ നീക്കിയശേഷമാണ്​ യാത്ര തുടരുന്നത്​. വിനോദസഞ്ചാരമേഖലക്കും പോള തിരിച്ചടിയായിരുന്നു. പടം- DP2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story