Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരവീന്ദ്രൻ പട്ടയം...

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: നടപടികൾ സങ്കീർണം; പകരം പട്ടയം വൈകും

text_fields
bookmark_border
തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പകരം പട്ടയങ്ങൾ അനുവദിക്കുന്ന നടപടികൾ നീളാൻ സാധ്യത. 45 ദിവസത്തിനകം വിവാദ പട്ടയങ്ങൾ റദ്ദാക്കി അർഹർക്ക്​ പകരം പട്ടയം നൽകുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും 80 ദിവസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട്​ ജില്ല ഭരണകൂടം സർക്കാറിനെ സമീപിച്ചിരിക്കുകയാണ്​. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക്​ പകരം പട്ടയം കിട്ടാൻ വൈകുമെന്ന്​ ഉറപ്പായി. 23 വർഷം മുമ്പ്​ ദേവികുളം അഡീഷനൽ തഹസിൽദാറായിരിക്കെ എം.ഐ. രവീന്ദ്രൻ അധികാര പരിധി മറികടന്ന്​ താലൂക്കിലെ ഒമ്പത്​ വില്ലേജിൽ നൽകിയ 530 പട്ടയം റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ ജനുവരി 18നാണ്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ചട്ടങ്ങൾക്ക്​ വിരുദ്ധമായാണ്​ രവീന്ദ്രൻ പട്ടയം നൽകിയതെന്ന്​ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു റവന്യൂ വകുപ്പിന്‍റെ നടപടി. അർഹരായവർക്ക്​ പുതിയത്​ നൽകുന്നതിന്​ 40ലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും നിയോഗിച്ചു. എന്നാൽ, സങ്കീർണ പട്ടയ നടപടികളിൽ ഏറെ സൂക്ഷ്​മത പാലിക്കേണ്ടതിനാൽ കാര്യങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ്​ നടപടികൾ മാത്രമാണ്​ ഇതുവരെ പൂർത്തിയായത്​. ബാക്കി അഞ്ച്​ വില്ലേജിലേത്​ അവശേഷിക്കുകയാണ്​. ഇത്​ എന്ന്​ പൂർത്തിയാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്​ പട്ടയ നടപടികൾ വൈകാൻ കാരണമെന്ന്​ ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ്​ കോൺഗ്രസ്​. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും പുതിയത്​ നൽകാനുമുള്ള നടപടികൾ തികച്ചും അശാസ്ത്രീയമായാണ്​ മുന്നോട്ട്​ കൊണ്ടുപോകുന്നതെന്നും ആരോപണമുണ്ട്​. അനർഹമായി കൈപ്പറ്റിയ പട്ടയങ്ങൾ കണ്ടെത്തി അവ മാത്രം റദ്ദാക്കുന്നതിന്​ പകരം എല്ലാ പട്ടയങ്ങളും റദ്ദാക്കാനുള്ള തീരുമാനം നടപടികൾ അനിശ്ചിതമായി വൈകാനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെളിവെടുപ്പ്​ പൂർത്തിയാക്കിയ വില്ലേജുകളിൽ പുതിയ അപേക്ഷ സ്വീകരിക്കാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയതായി റവന്യൂ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story