Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:46 AM IST Updated On
date_range 3 April 2022 5:46 AM ISTസന്ദർശകരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി രാജമല
text_fieldsbookmark_border
മൂന്നാർ: പുതിയ സീസണിൽ സഞ്ചാരികളെ വരവേൽക്കാൻ നൂതന സംവിധാനങ്ങളുമായാണ് ഇരവികുളം ദേശീയോദ്യാനം തയാറായിരിക്കുന്നത്. കൗതുക കാഴ്ചകളും കച്ചവട സ്ഥാപനങ്ങളുമായി ആകർഷകമായിരിക്കുകയാണ് രാജമല. മനോഹരമായി നിർമിച്ചിരിക്കുന്ന വലിയ കമാനവും ആകർഷക കവാടവുമാണ് ആദ്യത്തെ മാറ്റം. മുൻകാലങ്ങളിൽ അഞ്ചാംമൈലിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങി ബസിൽ കയറി തിരിച്ചെത്തുന്നതായിരുന്നു പതിവ്. എന്നാൽ, രണ്ടുവർഷത്തെ ഇടവേളക്കുശേഷം പുതിയ സീസണിൽ ഏറെ മാറ്റങ്ങളുമായാണ് രാജമല സന്ദർശകരെ വരവേൽക്കുന്നത്. ടിക്കറ്റ് കൗണ്ടറിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഓർക്കിഡോറിയാണ് മുഖ്യ ആകർഷണം. ഇന്ത്യയിലെ പല ഭാഗങ്ങളിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന വിവിധ ഇനങ്ങളിൽപെട്ട ഓർക്കിഡുകളുടെ ശേഖരമാണ് ഇവിടെയുള്ളത്. അമ്പതിലേറെ ഇനങ്ങളാണ് സസ്യഗവേഷകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഷെഡിൽ നടന്നുകാണാവുന്ന വിധത്തിലാണ് ഓർക്കിഡോറിയം ക്രമീകരിച്ചിരിക്കുന്നത്. വനം വകുപ്പ് നേരിട്ട് ആദിവാസികളിൽനിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണന കേന്ദ്രവും പുതിയതായി രാജമലയിൽ ആരംഭിച്ചിട്ടുണ്ട്. തേൻ, ഏലക്ക, കുറുമ്പുല്ല് തുടങ്ങിയ വനവിഭവങ്ങൾ വാങ്ങാനും നല്ല തിരക്കാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ വളർത്തുന്ന ഗുണമേന്മയുള്ള പച്ചക്കറികൾക്കായി മറ്റൊരു വിപണന കേന്ദ്രവും ഇവിടെയുണ്ട്. ഇതര സംസ്ഥാന സന്ദർശകർ ഏറെ താൽപര്യത്തോടെയാണ് ജൈവ പച്ചക്കറികൾ വാങ്ങുന്നതെന്ന് അധികൃതർ പറയുന്നു. രാജമലയിലെത്തുന്ന സന്ദർശകരുടെ തിരക്ക് ഓൺലൈൻ ബുക്കിങ് മൂലം കുറക്കാനും ഈ സീസണിൽ സാധിച്ചു. ബഗ്ഗികാർ എത്തിയതോടെ പ്രായമായവർക്കും അംഗപരിമിതർക്കും വരയാടുകളെ ഇനിമുതൽ അടുത്ത് കാണാൻ കഴിയുന്നതും വലിയ മാറ്റമാണെന്ന് സന്ദർശകർ പറയുന്നു. രാജമലയുടെ മുകളിലെത്തിയാൽ നവീകരിച്ച മ്യൂസിയവും ഐസ്ക്രീം പാർലറും കാഴ്ചകൾ കണ്ടിരിക്കാൻ കഴിയുന്ന വിശാലമായ ഇരിപ്പടങ്ങളുമെല്ലാം സഞ്ചാരികളെ ആനന്ദിപ്പിക്കും. പ്രഥമശുശ്രൂഷ കേന്ദ്രവും അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രവും രാജമലയിൽ ആരംഭിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ നവീകരണത്തിനുള്ള തയാറെടുപ്പിലുമാണ് അധികൃതർ. ചിത്രം 1 രാജമലയിൽ നിർമിച്ച ആകർഷകമായ കമാനം ചിത്രം 2 രാജമലയിലെ ജൈവ പഴം പച്ചക്കറി വിപണന കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
