Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:45 AM IST Updated On
date_range 2 April 2022 5:45 AM ISTഐ.എൻ.ടി.യു.സി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ല, അവിഭാജ്യഘടകം -വി.ഡി. സതീശൻ
text_fieldsbookmark_border
-പ്രതിഷേധത്തിനുപിന്നിൽ കുത്തിത്തിരിപ്പ് സംഘമെന്നും വിമർശനം കോട്ടയം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചങ്ങനാശ്ശേരിയിലെ പ്രതിഷേധത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘമാണ്; എന്തെങ്കിലും വീണുകിട്ടാൻ കാത്തിരിക്കുന്നവരാണ്. ഒന്നും കിട്ടിയില്ലെങ്കിൽ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തും. കെ.പി.സി.സി പ്രസിഡന്‍റിനോട് ആലോചിച്ചാണ് താൻ ഐ.എൻ.ടി.യു.സി വിഷയത്തിൽ നിലപാട് പറഞ്ഞതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് തിരുത്തേണ്ട ആവശ്യമില്ല. അവർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ്. കോൺഗ്രസിന്‍റെ അവിഭാജ്യഘടകവുമാണ്. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണ്. ഐ.എൻ.ടി.യു.സി അഖിലേന്ത്യ പ്രസിഡന്‍റോ സംസ്ഥാന പ്രസിഡന്‍റോ പോഷകസംഘടനയാണെന്ന് പറഞ്ഞിട്ടുണ്ടോ. അവർക്ക് സ്വന്തമായി തെരഞ്ഞെടുപ്പും മറ്റ് സംവിധാനങ്ങളുമുണ്ട്. അതിന്‍റെ നേതാക്കൾ കോൺഗ്രസുകാരാണ്. താൻ അവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂനിയനുകളുടെ നേതാവ് കൂടിയാണ് ഞാൻ. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനും അവിഭാജ്യ സംഘടനയാണെന്നാണ് പറഞ്ഞത്. അതാണ് തന്‍റെയും നിലപാട്. പണിമുടക്കിനോടനുബന്ധിച്ചുള്ള അക്രമത്തെ അപലപിക്കുന്നു. ഇക്കാര്യം ചന്ദ്രശേഖരനുമായി സംസാരിച്ചു. അക്രമത്തെ അംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹവും പറഞ്ഞത്. അക്രമം സൃഷ്ടിച്ചത് സി.ഐ.ടി.യുക്കാരാണ്. ഐ.എൻ.ടി.യു.സിയെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞെന്നാരോപിച്ച് ഒരുവിഭാഗം ഐ.എൻ.ടി.യു.സി പ്രവർത്തകർ വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ പ്രകടനം നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതും നടപടിയെടുക്കേണ്ടതും പാർട്ടി നേതൃത്വമാണെന്ന് സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story