Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:40 AM IST Updated On
date_range 29 March 2022 5:40 AM ISTപണിക്ക് മുടക്കമില്ല; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലിക്ക് അതിവേഗം
text_fieldsbookmark_border
കോട്ടയം: പണിമുടക്കിലും മുടങ്ങാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെട്ടിടം പൊളിക്കൽ ജോലികൾ. തിങ്കളാഴ്ച പണിമുടക്കിനെതുടർന്ന് നഗരം നിശ്ചലമായപ്പോൾ, അതിവേഗത്തിലായിരുന്നു ജോലി. സർവിസുകളെല്ലാം നിലച്ചത് പണിക്ക് ഇരട്ടിവേഗവും നൽകി. ജെ.സി.ബി ഉപയോഗിച്ച് പമ്പിനോട് ചേർന്ന ഭാഗത്തെ കെട്ടിടഭാഗങ്ങളാണ് തിങ്കളാഴ്ച പൊളിച്ചുനീക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി കെട്ടിടത്തിലെ ജനലുകളും കതകുകളുമടക്കമുള്ള തടി ഉരുപ്പടികളെല്ലാം ഉളക്കിമാറ്റിയിരുന്നു. ഭിത്തികൾ പൊളിച്ചുനീക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് ഉടൻ പൂർത്തിയാക്കുമെന്ന് കരാർ ഏറ്റെടുത്തവർ പറഞ്ഞു. പൊടി അടക്കമുള്ളവ തടയാൻ കെട്ടിടത്തിനുചുറ്റും മറയടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. 6.20 ലക്ഷം രൂപക്ക് ഇല്ലിക്കൽ സ്വദേശിയാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഏറ്റെടുത്തത്. 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കണമെന്നാണ് കെ.എസ്.ആർ.ടി.സി നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ 21നാണ് കെട്ടിടം പൊളിക്കുന്ന ജോലിക്ക് തുടക്കമായത്. പൊളിക്കുന്നതിന് മുന്നോടിയായി ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടക്കമുള്ളവ താൽക്കാലികമായി കാന്‍റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മുകളിലേക്ക് മാറ്റിയിരുന്നു. ബസുകൾ ഇറങ്ങിപ്പോകാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ താൽക്കാലിക ഷെഡും നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്നുതിരിയാൻ പോലും ഇടമില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. പൊടിശല്യവും രൂക്ഷമാണ്. മഴപെയ്താൽ ചളി നിറയുമെന്നും യാത്രക്കാർ പറയുന്നു. ബസുകൾ കടന്നുപോകുമ്പോൾ വലിയ തോതിലാണ് പൊടി ഉയരുന്നത്. കനത്ത ചൂടും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഷെഡിന്‍റെ വശങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പലപ്പോഴും ബസുകൾ സ്റ്റാൻഡ് വിടുമ്പോഴാണ് യാത്രക്കാർ അറിയുന്നത്. ബസ് കയറാൻ യാത്രക്കാർ നിൽക്കുന്നതിനു പിന്നിലായി മണ്ണെടുത്തിട്ട ഭാഗത്ത് കുഴിയുണ്ട്. ബസുകൾ അടുത്തേക്കുവരുമ്പോൾ യാത്രക്കാർ പെട്ടന്ന് പുറകോട്ടുമാറുമ്പോൾ കുഴിയിലേക്ക് വീഴാൻ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്റ്റാൻഡിൽ സ്ഥലമില്ലാത്തതിനാൽ ദീർഘദൂര ബസുകൾ റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് സ്റ്റാൻഡിനു മുന്നിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. പഴയ കെട്ടിടം പൊളിച്ചുനീക്കിയശേഷം ഈ സ്ഥലം ടൈലിട്ട് നവീകരിച്ച് ബസുകളുടെ പാർക്കിങ് യാർഡാക്കി മാറ്റാനാണ് തീരുമാനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 1.8 കോടി രൂപ ഉപയോഗിച്ചാണ് ഇതടക്കമുള്ള നവീകരണം. ഇതിന്‍റെ ഭാഗമായി തിയറ്റർ റോഡിനോടുചേർന്ന് 'എൽ' ആകൃതിയിൽ കാത്തിരിപ്പുകേന്ദ്രവും ഓഫിസും നിർമിക്കും. എന്നാൽ, പുതിയ കെട്ടിടത്തിന്‍റെ പണി ഇഴയുകയാണ്. മൂന്ന് നിലയിൽ പണിയുന്ന കെട്ടിടത്തിന്‍റെ ആദ്യനിലയുടെ നിർമാണം പകുതിമാത്രമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനൊപ്പം പുതിയ കെട്ടിടത്തിന്‍റെ നിർമാണം വേഗത്തിലാക്കുമെന്ന് അധികൃതർ പറഞ്ഞു. --പടം DP--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story