Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:38 AM IST Updated On
date_range 26 March 2022 5:38 AM ISTമാലിന്യവാഹിനിയായി അന്ധകാരത്തോട്
text_fieldsbookmark_border
വൈക്കം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്ന അന്ധകാര തോട് വീണ്ടും മാലിന്യവാഹിനിയായി. ദുര്‍ഗന്ധം പരത്തി ജനജീവിതം ദുസ്സഹമാക്കുന്ന അന്ധകാരത്തോട് വൃത്തിയാക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് നഗരസഭ നേരത്തേ ചില ശുചീകരണപ്രവൃത്തി നടത്തിയിരുന്നു. പുതിയ നഗരസഭ ഭരണസമിതി ഒരു തുടര്‍നടപടികളോ ശുചീകരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. പടിഞ്ഞാറെനട കലുങ്കിനുസമീപമുള്ള മാലിന്യങ്ങളുടെ ഓട തുറന്നുവെച്ചിരിക്കുന്നത് അന്ധകാരത്തോട്ടിലേക്കാണ്. ഇത് പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയാണ്. കൊതുക്, പാമ്പ്, എലി എന്നിവയുടെയെല്ലാം താവളമായി തോട് മാറി. മഴക്കാലമായാല്‍ സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും അഴുക്കുവെള്ളം കയറാന്‍ സാധ്യതയേറെയാണ്. പടിഞ്ഞാറെനട കലുങ്ക് മുതല്‍ കെ.വി കനാല്‍ വരെയുള്ള തോടിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ അവസ്ഥ ഏറെ ദയനീയമാണ്. മൂക്കുപൊത്തി വേണം ഇവര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍. തോട്ടില്‍നിന്ന് സാംക്രമിക രോഗഭീഷണിയും ഉണ്ട്. കെ.വി കനാല്‍ വരെയുള്ള ഭാഗം നവീകരിച്ചാല്‍ മാത്രമേ അന്ധകാരത്തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കാതെ നീരൊഴുക്ക് ഉണ്ടാവുകയുള്ളൂ. അന്ധകാരത്തോടിന്‍റെ വടക്കേയറ്റം കണിയാംതോടു വഴി വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നിലവില്‍ അതിന് രണ്ടു കിലോമീറ്ററിനിപ്പുറം കൊച്ചുകവല-കൊച്ചാലുംചുവട് റോഡിനുസമീപം തോട് അവസാനിക്കുകയാണ്. അവിടെനിന്ന് വടക്കോട്ട് കണിയാംതോട് വരെയുള്ള ഭാഗങ്ങളിലും പല സ്ഥലങ്ങളിലും കൈയേറ്റങ്ങള്‍ തോട് ഇല്ലാത്ത അവസ്ഥയിലാണ്. തെക്കോട്ട് ഒഴുകുന്നതിന് സൗകര്യമുണ്ടെങ്കിലും മാലിന്യം കുന്നുകൂടി കിടക്കുന്നതിനാലും ചില സ്ഥലങ്ങളില്‍ മണല്‍തിട്ട രൂപപ്പെട്ടതിനാലും നീരൊഴുക്ക് ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് ഇത് വൃത്തിയാക്കുന്നതിനും മറ്റുമായി 10 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, അധികാരമാറ്റത്തിനുശേഷം ഇപ്പോഴത്തെ ഭരണസമിതി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ഒരു കരാറുകാരന്‍ ഈ പ്രവൃത്തി ഏറ്റെടുത്തതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ജോലി നടത്തിക്കുന്നതിന് നഗരസഭ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story