Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:31 AM IST Updated On
date_range 26 March 2022 5:31 AM ISTനീലക്കുറിഞ്ഞിയുടെ നാട്ടിൽ നീലവാകകൾ പൂക്കുന്നു
text_fieldsbookmark_border
മൂന്നാർ: നീലക്കുറിഞ്ഞിയുടെ നാട്ടിൽ മറ്റൊരു നീലവസന്തമൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് പൂത്തുനിൽക്കുന്ന ജക്രാന്ത മരങ്ങൾ. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ ഇവ നീലപ്പുതച്ച് നിൽക്കുന്നത് കാണാനും കാമറയിൽ പകർത്താനും സഞ്ചാരികളുടെ മത്സരമാണ്. പള്ളിവാസൽ മുതൽ മറയൂർ വരെ വഴിയരികിൽ പൂത്തുനിൽക്കുന്ന ജക്രാന്തകളാണ് മനം മയക്കുന്ന ദൃശ്യവിരുന്ന് ഒരുക്കുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള നൂറുകണക്കിന് ജക്രാന്ത മരങ്ങളാണ് ഇവിടെ പൂത്ത് പടർന്ന് നിൽക്കുന്നത്. ബിഗ്നോണിയേസി എന്ന വൃക്ഷവർഗത്തിലെ ഇനമാണ് നീലവാക എന്നറിയപ്പെടുന്ന ജക്രാന്ത മരങ്ങൾ. ബ്രിട്ടീഷ് ഭരണകാലത്താണ് വിദേശമരമായ ഇവ മൂന്നാറിൽ എത്തിയത്. അന്ന് ധാരാളം മരങ്ങൾ നട്ടുവളർത്തിയിരുന്നെങ്കിലും ഏറെയും വെട്ടിമാറ്റിയതോടെ കുറച്ചു മാത്രമാണ് ശേഷിക്കുന്നത്. മഞ്ഞ് മൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞ മരങ്ങളുടെ ഭംഗി കാണികളുടെ മനം നിറക്കുന്നതാണ്. കിലോമീറ്ററുകൾ വിസ്തൃതിയിൽ നീലക്കുറിഞ്ഞി പൂക്കുന്ന മൂന്നാറിൽ വർഷം തോറും നീലവസന്തം തീർക്കുകയാണ് ഇവ. ഫെബ്രുവരി മധ്യത്തോടെ പൂത്തുതുടങ്ങുന്ന നീലവാകകൾ ഏപ്രിൽ വരെ വർണ വിരുന്നൊരുക്കും. തേയില തോട്ടത്തിലും വഴിയരികിലും ഇവ പൂത്തുനിൽക്കുന്നത് കാണാൻ വളരെയധികം സമയം ചെലവഴിക്കുന്ന സഞ്ചാരികളുണ്ട്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലകളിലും വളരുന്ന ജക്രാന്തകൾ 50 ഓളം ഇനങ്ങളുണ്ട്. വേനൽ വറുതിയുടെ ഇടയിലും നീലവാകയുടെ സൗന്ദര്യം പകരുന്ന സന്തോഷത്തിന്റെ കുളിര് നുകർന്ന് മടങ്ങുകയാണ് മൂന്നാറിലെത്തുന്ന സന്ദർശകർ. ചിത്രം 1 മൂന്നാറിൽ പൂത്ത് നിൽക്കുന്ന ജക്രാന്ത മരങ്ങൾ ചിത്രം 2 മൂന്നാറിലെ നീലവാകപ്പൂക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
