Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:36 AM IST Updated On
date_range 19 March 2022 5:36 AM ISTചോദിക്കാനും പറയാനും വീട്ടിൽ ആണുങ്ങളില്ലേ എന്ന് ഡിവൈ.എസ്.പി
text_fieldsbookmark_border
കോട്ടയം: നിനക്കൊന്നും വേറെ പണിയില്ലേ, ചോദിക്കാനും പറയാനും വീട്ടിൽ ആണുങ്ങളില്ലേ... മാടപ്പള്ളിയിൽ സിൽവർ ലൈൻ പാതക്കെതിരെ പ്രതിഷേധിച്ച വീട്ടമ്മമാരോട് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്‍റെ ചോദ്യമായിരുന്നു ഇത്. ആൺ പൊലീസുകാരെക്കൊണ്ട് സ്ത്രീകളെ കൈകാലുകളിൽ പിടിച്ച് തൂക്കിയെടുക്കാനും താഴെ വീണവരെ നടുവിൽ പിടിച്ചെടുക്കാനും നിർദേശം കൊടുത്തതും ഈ ഡിവൈ.എസ്.പി തന്നെ. സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴക്കുന്നതു തടയാൻ ചെന്ന മറ്റു സ്ത്രീകളോട് ''വണ്ടിയിൽ ഇനിയും സ്ഥലമുണ്ട്. പിടിച്ചകത്തിടും. രണ്ടു ദിവസം ജയിലിൽ കിടന്നു നോക്കടീ അപ്പോഴറിയാം'' എന്നായിരുന്നു ഡിവൈ.എസ്.പിയുടെ പ്രതികരണം. സമര രംഗത്തുണ്ടായിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആധിയിൽ പ്രതിഷേധിക്കാനെത്തിയതായിരുന്നു സാധാരണക്കാരായ വീട്ടമ്മമാർ. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് സമരവീര്യം അടിച്ചൊതുക്കാനായിരുന്നു പൊലീസിന്‍റെ ശ്രമം. നീചമായാണ് പൊലീസ് തങ്ങളോടു പെരുമാറിയതെന്ന് വീട്ടമ്മമാർ പറഞ്ഞു. ''ഞങ്ങളെല്ലാം പ്രായപൂർത്തിയായവരാണ്. വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാൻ ഡിവൈ.എസ്.പി ആരാണ്. സ്വന്തം വീടും സ്ഥലവും പോകുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാകൂ. മാടപ്പള്ളിയിലെ പെണ്ണുങ്ങളുടെ ശക്തി എന്താണെന്ന് പൊലീസ് അറിയാൻ പോകുന്നതേയുള്ളൂ. പൊലീസുകാരെ അടുത്തുപോലും കാണാത്തവരാണ് ഞങ്ങൾ. ഇപ്പോൾ മനസ്സിലായി ഇത്രയേ ഉള്ളൂ പൊലീസ് എന്ന്. ഇനി പേടിക്കില്ല അവരെ. ആൺപൊലീസുകാർ കാലുകൾ രണ്ടും വലിച്ചുപിടിച്ചു. കൈകളിൽ പിടിച്ച് തൂക്കിയെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാത്തവരെപ്പോലും തല്ലിച്ചതച്ചു. നെയിം ബോർഡ് ഇല്ലാത്ത പൊലീസുകാരാണ് ഞങ്ങളെ തല്ലിയത്. അവർ പൊലീസാണോ സർക്കാറിന്‍റെ ഗുണ്ടകളാണോ എന്ന് മുഖ്യമന്ത്രി പറയണം. വീടിനകത്തിരുന്ന ഞങ്ങളെ പുറത്തിറക്കിയത് സർക്കാറാണ്. ഇനി ഞങ്ങൾ പുറത്തുതന്നെയുണ്ടാകും. മാടപ്പള്ളിയിൽ കല്ലിട്ടാൽ പിഴുതെറിയും. ജീവിതകാലം മുഴുവൻ ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയതാണ്. പെട്ടെന്നൊരു ദിവസം അതിക്രമിച്ചുകയറി കല്ലിടുമ്പോൾ നോക്കിനിൽക്കണോ. എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങളുടെ ഭയം അതാണ്''- വീട്ടമ്മമാർ പറഞ്ഞു. തങ്ങളെ കാണാനെത്തിയ യു.ഡി.എഫ് സംഘത്തോടും കെ.കെ. രമ എം.എൽ.എയോടും ഡിവൈ.എസ്.പിയുടെ അധിക്ഷേപത്തെക്കുറിച്ച് വീട്ടമ്മമാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story