Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാസറിന്‍റെ ജീവിതത്തിൽ...

നാസറിന്‍റെ ജീവിതത്തിൽ മുഴങ്ങുന്നു, മതമൈത്രിയുടെ പള്ളിമണികൾ

text_fields
bookmark_border
തൊടുപുഴ: സെന്‍റ്​​ മേരീസ്​ യാക്കോബായ സുറിയാനി പള്ളിയിലെത്തുന്നവർക്ക്​ ഏറെ സുപരിചിതനാണ് നാസർ. പള്ളിപരിപാലനവുമായി ബന്ധപ്പെട്ട്​ 30 വർഷമായി ഇദ്ദേഹം ഈ പള്ളിമുറ്റത്തുണ്ട്​. കുർബാന ഒഴികെ പള്ളിയുടെ എല്ലാ ചടങ്ങിലും നാസർ ഹമീദ്​ എന്ന ഈ 58കാരന്‍റെ സാന്നിധ്യമുണ്ടാകും. അങ്ങനെ മതസാഹോദര്യത്തിന്‍റെ തെളിമയുള്ള കാഴ്ചയാവുകയാണ്​ നാസറിന്‍റെ വേറിട്ട ജീവിതം. പുലർച്ച പള്ളിയിലെത്തി വിളക്ക്​ തെളിച്ച്​ മണിയടിച്ചാണ്​ തൊടുപുഴ കാരിക്കോട്​ ഉണ്ടപ്ലാവ്​ കിഴക്കുംപറമ്പിൽ നാസറിന്‍റെ ഒരുദിനം ആരംഭിക്കുന്നത്​. പിന്നീട്​ തൊട്ടടുത്തെ കാരി​ക്കോട്​ നൈനാർ ജുമാമസ്​ജിദിലെത്തി പ്രഭാത നമസ്കാരം നടത്തി തിരികെ വീണ്ടും പള്ളിമുറ്റത്തെത്തും. പള്ളിയിലെ കൽവിളക്ക്​, ചുറ്റുമുള്ള സ്ഥലം, പള്ളി ഹാൾ, സെമിത്തേരി എന്നിവിടങ്ങളെല്ലാം വൃത്തിയായി കിട​ക്കുന്നുണ്ടോ എന്ന്​ ഉറപ്പാക്കലാണ്​ അടുത്ത ​ജോലി. ഇലകളോ പൊടിയോ മറ്റോ വീണുകിടന്നാൽ തൂത്തുതുടച്ച്​ വൃത്തിയാക്കും. പിന്നെ വീട്ടിലെത്തി തൊടുപുഴ മാർക്കറ്റ്​ റോഡിലെ കുരിശു​പള്ളിക്ക്​ സമീപത്തെ പച്ചക്കറിക്കടയി​ലേക്ക്​ പോകും. നാസറിന്​​ കച്ചവടം നടത്താൻ മാർക്കറ്റ്​ റോഡിലെ കുരിശുപള്ളിക്ക്​ മുന്നിൽ സ്ഥലം നൽകിയതും പള്ളി ഭാരവാഹികളാണ്​. കച്ചവടത്തിനിടയിലും​ പള്ളിയിൽ എന്ത്​ ആവശ്യമുണ്ടായാലും വിളിപ്പുറത്ത്​ നാസറുണ്ട്​. വിശേഷവേളകളിലും ഇടവകയിൽ ഒരാൾ മരണപ്പെട്ടാൽപോലും നാസറി​ന്‍റെ സാന്നിധ്യമുണ്ടാകും​. പള്ളിയിലെത്തുന്ന ഇടവകക്കാർക്ക്​ ഇദ്ദേഹം നാസറിക്കയാണ്. നാസറിന്​ ഇവരെയും നന്നായി അറിയാം. പള്ളി നിർമാണം നടക്കുന്ന കാലത്ത്​ മണ്ണും കല്ലുമൊക്കെ ചുമക്കാനായാണ്​ നാസർ ആദ്യമായി ഇവിടെ എത്തുന്നത്​​​. ​ജോലി തീരുന്നതുവരെ ഉണ്ടായിരുന്നു. പള്ളിക്കാരുമൊക്കെയായി നല്ല സൗഹൃദവുമായതോടെ നിർമാണജോലി കഴിഞ്ഞും നാസർ പള്ളിയുമായുള്ള ബന്ധം വിട്ടില്ല. അങ്ങനെ പള്ളിയുടെ പരിപാലനമടക്കം കാര്യങ്ങൾക്ക്​ ഭാരവാഹികൾ തന്നെ ചുമതലപ്പെടുത്തുകയായിരുന്നെന്ന്​ നാസർ പറഞ്ഞു. ''എന്നെ വിശ്വസിച്ച്​ ഏൽപിച്ച ജോലി​ ഒരുകോട്ടവും തട്ടാതെ ഇത്ര നാളും മു​ന്നോട്ട്​ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്​. എന്നെ ഞാനാക്കിയത്​ ഈ പള്ളിയാണ്​. ആ സ്നേഹത്തിന്‍റെ കടപ്പാട്​ പള്ളിയോടും ഭാരവാഹിക​ളോടുമുണ്ട്​. ഒരുജോലി എന്ന നിലയിൽ മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നത്​. മനസ്സിന്​ ഒരു ആനന്ദംകൂടി ഇതുവഴി ലഭിക്കുന്നുണ്ട്​'' -നാസർ പറയുന്നു​. ജാതിയുടെ മതത്തിന്‍റെയും പേരിൽ മനുഷ്യർ ഭിന്നിക്കരുത്​​​. ലോകത്തേക്ക്​ ഓരോരുത്തരും പിറന്നുവീഴുന്നത്​ മനുഷ്യനായാ​ണെന്നും ഇവരെല്ലാം സ്നേഹത്തോടെയും സൗഹാർദത്തോടെയും ജീവിച്ചാൽ നാട്​ മനോഹരമാകുമെന്നും നാസർ പറയുന്നു. അഫ്​സൽ ഇബ്രാഹിം ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story