Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:48 AM IST Updated On
date_range 17 March 2022 5:48 AM ISTഉരുൾ പൊട്ടൽ; മോക്ഡ്രിൽ വിജയകരം
text_fieldsbookmark_border
എരുമേലി: ഉരുൾപൊട്ടൽ സാഹചര്യം നേരിടുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ പൂർണസജ്ജമാണോയെന്ന് പരിശോധിക്കാൻ നടത്തിയ മോക്ഡ്രിൽ വിജയകരം. എരുമേലി തുമരംപാറയിൽ പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെ ജില്ല ദുരന്ത നിവാരണ അതോറിറ്റിയാണ് മോക്ഡ്രിൽ നടത്തിയത്. എരുമേലി തുമരംപാറക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം പ്രതീകാത്മകമായി സൃഷ്ടിച്ചാണ് ദുരന്തനിവാരണ ശേഷി പരീക്ഷിച്ചത്. പൊലീസ്-അഗ്നിരക്ഷാസേന, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകൾ, ജനപ്രതിനിധികൾ, ആപ്തമിത്ര വളന്‍റിയർമാർ, സന്നദ്ധ പ്രവർത്തക സംഘടനയായ ടീം നന്മക്കൂട്ടം എന്നിവർ ചേർന്ന് പ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് തുമരംപാറ സർക്കാർ ട്രൈബൽ സ്കൂളിലെ റിലീഫ് ക്യാമ്പിലേക്ക് മാറ്റി. സ്കൂളിൽ പൊലീസ് കൺട്രോൾ റൂം തുറന്നു. പ്രത്യേകം തയാറാക്കിയ കൗണ്ടറിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽനിന്ന് ഒഴിപ്പിച്ചവർക്കായി കോവിഡ് പരിശോധന നടത്തി. മണ്ണിടിഞ്ഞ് പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്ന് നാലര കിലോമീറ്റർ ദൂരം വരുന്ന ആശുപത്രിയിലേക്ക് ഏഴു മിനിറ്റിനകം എത്തിക്കാനായി. പരിക്കേറ്റവരെ ആംബുലൻസുകളിലും ജീപ്പിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ കമാൻഡറായി രക്ഷാ പ്രവർത്തനദൗത്യത്തിന് നേതൃത്വം നല്കി. എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജുകുട്ടി, വൈസ് പ്രസിഡന്‍റ് അനിശ്രീ സാബു, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന ഓഫിസർ കെ.എസ്. ഓമനക്കുട്ടൻ, ജനപ്രതിനിധികളായ ബിനോയി, ലിസി സജി, വി.ഐ. അജി, കെ.ആർ. അജേഷ്, ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, ജെസ്ന നജീബ്, സുമി സണ്ണി, പഞ്ചായത്ത് സെക്രട്ടറി ശാരദാമ്മാൾ, എരുമേലി തെക്ക് വില്ലേജ് ഓഫിസർ വർഗീസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
