Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:43 AM IST Updated On
date_range 16 March 2022 5:43 AM ISTകടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് നിലനികത്താൻ അനുമതിയില്ലെന്ന് കൃഷി മന്ത്രി
text_fieldsbookmark_border
മോൻസ് ജോസഫ് പ്രതിഷേധിച്ചു തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ എട്ട് ഏക്കർ നിലം നിലത്താൻ അനുമതി നൽകാനാകില്ലെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. എട്ട് ഏക്കർ നികത്തുന്നത് പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കും. കേന്ദ്രീയ വിദ്യാലയത്തിന് മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ ഉപയോഗിച്ചാല്‍ അത് നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കാമെന്നും മോൻസ് ജോസഫിന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി. മന്ത്രിയുടെ മറുപടിയിൽ സഭയിൽ മോൻസ് ജോസഫ് പ്രതിഷേധിച്ചു. എന്നാൽ സംസാരിക്കാൻ അനുമതി ലഭിച്ചില്ല. അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ പേരിൽ പാടശേഖരങ്ങളുടെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടും വിധം നികത്തുന്നത് അഭികാമ്യമല്ലെന്ന് മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് മറ്റ് വകുപ്പുകൾക്ക് ഭൂമി കൈമാറുമ്പോൾ നെൽവയൽ സംരക്ഷണ നിയമ പരിധിയിൽ വരുന്നതാണെങ്കിൽ നിയമപ്രകാരം അനുമതി ലഭ്യമാക്കി മാത്രമേ നടപടി എടുക്കാവൂ. പകരം സ്ഥലം ലഭ്യമല്ലെന്നും ചേർന്ന് കിടക്കുന്ന പാടത്തെ കൃഷിയേയോ പരിസ്ഥിതിയേയോ ദോഷകരമായി ബാധിക്കില്ലെന്നും ഉറപ്പാക്കണം. കടുത്തുരുത്തിയിലെ ഭൂമിയിൽ 1.20 ഏക്കർ സ്ഥലം ചിറയാണ്. ബാക്കി നിലവും. ഇത് നികത്താനുള്ള അപേക്ഷയിൽ സംസ്ഥാന തല സമിതി അംഗം സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളക്കെട്ട് സാധ്യത നിലനിൽക്കുന്നന്നതിനാല്‍ പാടം നികത്തുന്നത് നെല്‍ കൃഷിയേയും, പരിസ്ഥിതിയേയും ബാധിക്കുമെന്നും നിലം നികത്തിയാല്‍ മൂവാറ്റുപുഴ ആറില്‍ നിന്ന് എഴുമാംകായല്‍ വഴി വേമ്പനാട് കായലിലേയ്ക്കുള്ള നീരൊഴുക്കിന്‍റെ ഗതി തടസ്സപ്പെടുമെന്നും ജില്ലാ കലക്ടര്‍ റിപ്പോർട്ട് ചെയ്തു. ആപ്പാന്‍ ചിറ പാടശേഖരത്തിന്‍റെ കിഴക്കെ അതിരായ തോടിനോട് ചേർന്നാണ് 148 ഏക്കര്‍ വിസ്തൃതിയുള്ള വെള്ളാശ്ശേരി പാടശേഖരം. എട്ട് ഏക്കർ നികത്തിയാൽ തെക്കുഭാഗത്ത് 203 ഏക്കര്‍ വരുന്ന മാന്നാര്‍ തെക്കുംപുറം പാടശേഖരം, 145 ഏക്കര്‍ വരുന്ന മാന്നാര്‍ മിച്ച ഭൂമി പാടശേഖരം , 55 ഏക്കര്‍ വരുന്ന മാന്നാര്‍ പുത്തൻവരി, 55 ഏക്കര്‍ വരുന്ന മാന്നാര്‍ കുറിച്ചിക്കരി എന്നിവിടങ്ങളിലെ നെല്കൃ ഷിയെ സാരമായി ബാധിക്കും. ആപ്പാൻചിറ തോടുവഴിയുള്ള നീരൊഴുക്കു തടസ്സപ്പെടുകയും സമീപത്തുള്ള 606 ഏക്കറിലെ നെൽകൃഷിയേയും 400 ഓളംവരുന്ന കർഷകരേയും , കർഷകതൊഴിലാളികളെയും ബാധിക്കും. 1500 ടണ്‍ നെല്ലുത്പാദനം ഇല്ലാതാകും. സംസ്ഥാന ഭക്ഷ്യ സുരക്ഷയെ ഇത് ബാധിക്കുകയും ചെയ്യും. പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജന ജീവിതത്തേയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story