Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:30 AM IST Updated On
date_range 14 March 2022 5:30 AM ISTതുള്ളിക്കളിച്ച് തുമ്പികൾ
text_fieldsbookmark_border
കോട്ടയം: മീനച്ചിലാറിന്‍റെ തീരങ്ങളിൽ തുമ്പികളുടെ എണ്ണത്തിൽ വർധന. 32 ഇനം കല്ലൻ തുമ്പികളും 22 ഇനം സൂചിത്തുമ്പികളും ഉൾപ്പെടെ 54 ഇനം തുമ്പികളെ മീനച്ചിൽ തുമ്പി സർവേയിൽ കണ്ടെത്തി. ഇനങ്ങളുടെ എണ്ണം മുൻവർഷത്തിന് സമാനമാണെങ്കിലും തുമ്പികളുടെ എണ്ണത്തിൽ വർധന കണ്ടെത്തി. സാധാരണമായി കാണപ്പെടുന്ന ശലഭത്തുമ്പി, വയൽത്തുമ്പി എന്നിവയെ വൻ തോതിൽ സർവേയിൽ കാണാനായി. സ്വാമിത്തുമ്പി, മകുടിവാലൻ തുമ്പി എന്നിവയെ മീനച്ചിൽ നദിയുടെ തുടക്കം മുതൽ പതനം വരെയുള്ള എല്ലായിടത്തും കാണാനായി. മേലടുക്കം മാർമല അരുവി മുതൽ മീനച്ചിലാർ പതിക്കുന്ന മലരിക്കൽ പഴുക്കാനിലക്കായൽ വരെ 11 കേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ മലിനീകരണത്തിന്‍റെ സൂചകമായി കരുതുന്ന ചങ്ങാതിത്തുമ്പികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തി. ഇതിന് കാരണം നദീതടത്തിലെ മാലിന്യം കുറഞ്ഞതാകാമെന്ന് ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു. ഇത് നല്ലമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധജലാശയങ്ങളിൽ മാത്രം കാണുന്ന ചെങ്കറുപ്പൻ അരുവിയൻ, നീർമാണിക്യൻ, കരിമ്പൻ അരുവിയൻ എന്നീ തുമ്പികൾ ധാരാളമായി അടുക്കം, മാർമല ഭാഗങ്ങളിൽ കണ്ടു. വടക്കൻ കേരളത്തിൽ മാത്രം ധാരാളമായി കണ്ടിരുന്ന മഞ്ഞ കറുപ്പൻ മുളവാലൻ തുമ്പികളുടെ സാന്നിധ്യവും വർധിച്ചു. കിടങ്ങൂർ പുന്നത്തുറ ഭാഗത്താണ് തുമ്പികളുടെ വൈവിധ്യം ഏറ്റവുമധികം കണ്ടെത്തിയത്. ഏറ്റവും കുറവ് താഴത്തങ്ങാടി ഇല്ലിക്കൽ ഭാഗത്താണ്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും സംയുക്തമായാണ് സർവേ നടത്തിയത്. വനം വകുപ്പ് അസിസ്റ്റന്‍റ് കൺസർവേറ്റർ കെ.എ. സാജു, സീനിയർ ഫോറസ്റ്റ് ഓഫിസർ ആർ. അജിത് കുമാർ, ഡോ. എബ്രഹാം സാമുവേൽ, ഡോ. നെൽസൺ പി. എബ്രഹാം, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, രഞ്ജിത് ജേക്കബ് മാത്യൂസ്, അജയകുമാർ, ടോണി ആന്‍റണി, ലേഖ സൂസൻ ജേക്കബ്, മോസസ് തോമസ്, മഞ്ജു മേരി മാത്യു, ഷിബി മോസസ്, ശരത് എൻ. ബാബു, തോമസ് യാക്കൂബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story