Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:41 AM IST Updated On
date_range 13 March 2022 5:41 AM ISTഏറ്റവും വലിയ നികുതിദായകനും കടക്കാരനും മലയാളിതന്നെ
text_fieldsbookmark_border
കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ സംസ്ഥാന നികുതി കൊടുക്കാൻ വിധിക്കപ്പെട്ട പൗരന്മാർ മലയാളികൾ. ഏറ്റവും കൂടുതൽ കടബാധ്യത പേറുന്ന പൗരന്മാരും മലയാളികൾതന്നെ. ഏറ്റവുമധികം നികുതികൾ ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. 2021-22 കാലഘട്ടത്തിൽ കേരളത്തിലെ 3,34,06,061 ജനങ്ങളിൽ ഓരോ വ്യക്തിയിൽനിന്ന് സംസ്ഥാന സർക്കാർ നികുതിയായി പിരിച്ചത് 19,312 രൂപ വീതമാണെന്ന് മുൻബജറ്റിലെ രേഖകൾ വ്യക്തമാക്കുന്നു. പ്രതിദിനം 53 രൂപയാണ് ജനിച്ചുവീണ കുട്ടിയടക്കം ഓരോ പൗരനും നികുതികളായി അടക്കുന്നത്. ആളോഹരി സംസ്ഥാന നികുതി ദേശീയ ശരാശരി 11,016 രൂപ മാത്രമാണ്. കേരളത്തിന്‍റെ തൊട്ടുപിന്നിലുള്ളത് വ്യവസായ വികസിത സംസ്ഥാനമായ മഹാരാഷ്ട്രയാണ്. ഇവിടെ അത് 18,163 രൂപയാണ്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്നാട്ടിൽ 17,501 രൂപയും. നാലാം സ്ഥാനത്ത് 16,545 രൂപയുമായി കർണാടക, അഞ്ചാം സ്ഥാനത്ത് ഗുജറാത്ത് (15,160 രൂപ), ആറാം സ്ഥാനത്ത് ആഡ്രപ്രദേശ് (13,160 രൂപ), ഏഴാം സ്ഥാനത്ത് പഞ്ചാബ് ( 11,416 രൂപ) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളുടെ നില. വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ ഒരു പൗരൻ നൽകുന്ന നികുതി 7371 രൂപ മാത്രമാണ്. കഴിഞ്ഞ ദിവസം ധനമന്ത്രി എടുത്തുപറഞ്ഞ ഒരു നേട്ടം ഏറ്റവും കൂടുതൽ ശമ്പളം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന സംസ്ഥാനം കേരളമാണെന്നാണ്. വൈദ്യുതി നിരക്കിലും ബസ് ചാർജിലും സാധാരണ ജനങ്ങളെ കേരളം ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് മന്ത്രിയുടെ അവകാശവാദം. 280 യൂനിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടിൽ 405 രൂപ വാങ്ങുമ്പോൾ കേരളത്തിൽ 1142 രൂപ നൽകണം. ഇനിയും നിരക്കു കൂട്ടാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. രണ്ടു കിലോമീറ്റർ ഓർഡിനറി ബസ് യാത്രക്ക് തമിഴ്നാട്ടിൽ അഞ്ചു രൂപ മതിയാകുമെങ്കിൽ കേരളത്തിൽ 2.5 കിലോമീറ്ററിന് എട്ടു രൂപ കൊടുക്കണം. അടുത്തുതന്നെ ഇത് 10 രൂപ ആയി ഉയർത്തും. രാജ്യത്തെ ഏറ്റവും വലിയ കടക്കാരനും കേരളത്തിലുള്ളവർതന്നെ. മലയാളിയുടെ ആളോഹരി കടം 82,622 രൂപയാണ്. കർണാടകയിൽ 47,076 രൂപയും ഉത്തർപ്രദേശിൽ 24,813 രൂപയും ദേശീയ ശരാശരി 38,893 രൂപയുമാണ്. കടത്തിൽ ഒന്നാം സ്ഥാനത്തായതിനാൽ പലിശ കൊടുക്കുന്നതിലും കേരളം തന്നെയാകും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ നികുതി നൽകുന്നയാൾതന്നെ ഏറ്റവും കൂടുതൽ കടഭാരം വഹിക്കേണ്ടിവരുന്നു എന്നതാണ് കേരളത്തിന്‍റെ ദുരന്തം. വികസനത്തിനാണ് കടമെടുക്കുന്നതെങ്കിൽ സംസ്ഥാനത്തിന്‍റെ ആസ്തിയിൽ അതിനനുസരിച്ച വർധനവുണ്ടാകണം. എന്നാൽ, അതുണ്ടായില്ല. 2016-17 ൽ 29,084 കോടി രൂപ കടമെടുത്തപ്പോൾ സംസ്ഥാനത്ത് ആസ്തി വർധിച്ചത് 8622 കോടിയുടേതു മാത്രമാണ്. 2017-18ൽ കടമെടുപ്പ് 24,308 കോടിയും ആസ്തി 7808 കോടിയുമാണ്. 2018-19ൽ ഇത് യഥാക്രമം 24680 കോടിയും 7814 കോടിയുമാണ്. 2020-21ൽ 36,507 കോടിയും 2021-22ൽ 30,837 കോടിയും കടമെടുത്തിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തിന്‍റെ ആസ്തി എത്ര വർധിച്ചുവെന്ന കണക്ക് പൂർണമായി പുറത്തുവന്നിട്ടില്ല. പണം വായ്പയെടുക്കുന്നതും പലിശ നൽകുന്നതും വികസനത്തിനായിട്ടല്ല എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. 3,27,655 കോടിയിൽ നിൽക്കുന്ന സംസ്ഥാന കടം ഈ വർഷം എത്രയായി ഉയരും എന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. ഇനിയും നികുതി കൂട്ടി പിടിച്ചുനിൽക്കാൻ കേരളത്തിന് അധികകാലം കഴിയുകയുമില്ല. ടി. ജുവിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story