Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ ഒറ്റ​പ്പെട്ട...

ജില്ലയിൽ ഒറ്റ​പ്പെട്ട പദ്ധതികൾ

text_fields
bookmark_border
-സംസ്ഥാനതല പ്രഖ്യാപനങ്ങൾ നേട്ടമാകും കോട്ടയം: വൻ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഒറ്റ​പ്പെട്ട പദ്ധതികളിലൊതുങ്ങി സംസ്ഥാന ബജറ്റിൽ ജില്ലയുടെ ഇടം. എന്നാൽ, സംസ്ഥാനതല പദ്ധതികളിൽ പലതും ജില്ലക്ക്​ നേട്ടവുമാകും. ജില്ലയുടെ ജീവനാഡിയായ റബർ കർഷകർക്ക്​ കാര്യമായ പരിഗണന ബജറ്റിലുണ്ടായില്ല. റബർ താങ്ങുവില 200 രൂപയാക്കണമെന്ന്​ കർഷകരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ 170ൽനിന്ന്​ തുക ഉയർത്തിയില്ല. താങ്ങുവില പദ്ധതിക്ക്​ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കർഷകർക്ക്​ കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ റബർവില 170 രൂപക്ക്​ അടുത്താണ്​. വില ഏതാനും മാസം കൂടി ഉയര്‍ന്നുനില്‍ക്കാൻ​ സാധ്യതയെന്നാണ് സൂചനകള്‍. ഇതോടെ, പദ്ധതിപ്രകാരം തുകയൊന്നും കര്‍ഷകര്‍ക്ക്​ ലഭിക്കില്ല. വെള്ളൂരിലെ സിയാല്‍ മോഡല്‍ റബര്‍ കമ്പനിയെക്കുറിച്ച് പരാമര്‍ശവുമില്ല. അതേസമയം, റോഡ്​ നിർമാണത്തിൽ റബർ മിശ്രിതം ഉപയോഗിക്കാനായി 50 കോടി അനുവദിച്ചിട്ടുണ്ട്​​. പ്രളയം തകർത്തെറിഞ്ഞ മേഖലകൾക്ക്​ പ്രത്യേക പാക്കേജ്​ എന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചില്ല. മൂന്നുകോടി വകയിരുത്തിയ കോട്ടയത്തെ സെന്‍റര്‍ ഫോര്‍ പ്രഫഷനല്‍ ആൻഡ്​​ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗ്രഡ് ടെസ്റ്റ് ലബോറട്ടിയാണ് പുതിയ പദ്ധതി. സ്‌കൂള്‍ ഓഫ് എജുക്കേഷനെയാണ്​ പുതിയ മാനേജ്​മെന്‍റിന്​ കീഴിൽ സെന്‍റർ ഫോര്‍ പ്രഫഷനല്‍ ആൻഡ്​​ അഡ്വാന്‍സ്ഡ് സ്റ്റഡീസായി മാറിയത്​. ഇതിനുശേഷമുള്ള വലിയ പരിഗണന കൂടിയാണിത്. വൈക്കത്തെ പി. കൃഷ്ണപിള്ള സ്മാരകത്തിന്​ തുക അനുവദിച്ചതും ശ്രദ്ധേയമായി. കൃഷ്ണപിള്ളയുടെ വീടിരുന്ന വൈക്കത്തെ 16.5 സെന്‍റ്​ സ്ഥലം കുടുംബാംഗങ്ങളില്‍നിന്ന് സി.പി.ഐ വിലയ്​ക്ക്​ വാങ്ങി കൃഷ്ണപിള്ള സ്മാരകം നിർമിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ്​ ബജറ്റിൽ പി. കൃഷ്ണപിള്ള സ്മാരകത്തിന്​ തുക അനുവദിച്ചത്​. ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്​. ഇവയൊഴിച്ചുള്ള പദ്ധതികളെല്ലാം നേരത്തേ ബജറ്റിൽ പരാമർശിച്ചിട്ടുള്ളവയോ പ്രഖ്യാപിച്ചിട്ടുള്ളവയോ ആണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. മുൻ ബജറ്റ്​ പ്രഖ്യാപനങ്ങളുടെ തുടർച്ചയായി കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ്, ശബരിമല വിമാനത്താവളം എന്നിവക്ക്​ തുക നീക്കിവെച്ചിട്ടുണ്ട്​. മീനച്ചിൽ റബർ മാർക്കറ്റിങ്​ ആൻഡ്​ പ്രോസസിങ്​ സഹകരണ സംഘത്തിന് രണ്ടുകോടിയും അനുവദിച്ചു​. അതേസമയം, സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന പല പദ്ധതികളുടെ ഗുണവും ജില്ലക്ക്​ ലഭിക്കും. രണ്ടാം കുട്ടനാട് പാക്കേജ് മുതല്‍ നെല്ലിന്‍റെ താങ്ങുവില വര്‍ധന പ്രഖ്യാപനമുള്‍പ്പെടെയുള്ളവയുടെ പ്രയോജനം കോട്ടയത്തിനുണ്ടാകും. നെല്ലിന്‍റെ താങ്ങുവില 28.20 രൂപയായി ഉയർത്തുമെന്ന്​ പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ ഇതിന്​ 50 കോടിയാണ്​ മാറ്റിവെച്ചത്​. നെൽകൃഷി വികസനത്തിന്​ 76 കോടി അനുവദിച്ചതിലൊരു വിഹിതവും ജില്ലയിലേക്കെത്തും. ജലാശയങ്ങളുടെ അടിത്തട്ടിലെ പ്ലാസ്​റ്റിക്​​ മാലിന്യങൾ നീക്കുന്ന ശുചിത്വ സാഗരം പദ്ധതി, നദികളുടെയും കായലുകളുടെയും അടിത്തട്ട്​ ശുചീകരിക്കും എന്നീ പ്രഖ്യാപനങ്ങളും നേട്ടമാകും. എല്ലാ ജില്ലയിലും തൊഴിൽ സംരംഭക കേന്ദ്രം, സ്കിൽ പാർക്കുകൾ, എല്ലാ നിയമസഭ മണ്ഡലത്തിലും സഞ്ചരിക്കുന്ന റേഷൻ കടകൾ, 140 കോടി ചെലവിൽ എല്ലാ നിയമസഭ മണ്ഡലത്തിലും സ്കിൽ കോഴ്​സുകൾ, വന്യജീവി അക്രമങ്ങളിൽ പരിക്കേറ്റവർക്ക്​ നഷ്ടപരിഹാരം എന്നിങ്ങനെയുള്ള പദ്ധതികളുടെ ഗുണഫലവും ജില്ലയിലേക്കെത്തും. എം.സി റോഡ്​ വികസനം, ചാമ്പ്യൻസ്​ ബോട്ട്​ ലീഗ്​, വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ എന്നിവയും​ കോട്ടയത്തിന്​ ​ നേട്ടമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story