Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:39 AM IST Updated On
date_range 11 March 2022 5:39 AM ISTതിരുനക്കരപ്പൂരം; മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം വിലയിരുത്തി
text_fieldsbookmark_border
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രോത്സവ ഭാഗമായി നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ മുന്നൊരുക്കം വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊലീസും എക്‌സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദ്ദേശം നൽകി. 23ന് വൈകീട്ട് നടക്കുന്ന പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും. ക്രമസമാധാനപാലനത്തിന് 450 പൊലീസുകാരെ വിന്യസിക്കും. മുൻവർഷങ്ങളെയപേക്ഷിച്ച് ചൂടുകൂടിയ സാഹചര്യമായതിനാൽ അഞ്ചുമണിക്കുശേഷമേ പൂരത്തിന് ആനകളെ എഴുന്നള്ളിക്കൂ. ഈ സമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു പറഞ്ഞു. പൂരദിവസം ജില്ല ചീഫ് വെറ്ററിനറി ഓഫിസറും എലഫന്റ് സ്‌ക്വാഡിന്റെ മേധാവിയുമായ ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാവും. ആനകളെ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ എഴുന്നള്ളിപ്പിന് അനുവദിക്കൂ. പൂരദിവസത്തെ ഗതാഗത ക്രമീകരണം ജനങ്ങളെ മുൻകൂട്ടി അറിയിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വാഹന, പാർക്കിങ് നിയന്ത്രണത്തിന് പൊലീസിനൊപ്പമുണ്ടാകും. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. കൺട്രോൾ റൂമുകൾ തുറക്കും. നഗര ശുചീകരണത്തിനും കേടായ വഴിവിളക്കുകൾ നന്നാക്കുന്നതിനും കുടിവെള്ള വിതരണത്തിന് വാഹനം ലഭ്യമാക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. തടസ്സംകൂടാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദ്ദേശം നൽകി. ജല അതോറിറ്റി മുഖേന കുടിവെള്ള ലഭ്യത ഉറപ്പാക്കും. ആനകളുടെ ചൂട് നിയന്ത്രണത്തിനായി കൂടുതൽ വെള്ളം ക്ഷേത്രത്തിനകത്തും പുറത്തും വലിയടാങ്കുകളിൽ സംഭരിക്കും. അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്നും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്നും ജില്ല മെഡിക്കൽ ഓഫിസ് അറിയിച്ചു. പൂരദിവസം രാത്രി വൈകി മടങ്ങുന്നവർക്ക് വാഹനമുറപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്കും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. തിരുനക്കര ക്ഷേത്രപരിസര റോഡുകളുടെയും ആറാട്ട് പോകുന്ന വഴികളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, അഡീ. എസ്.പി സുരേഷ് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story