Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വത്തുതര്‍ക്കം: ...

സ്വത്തുതര്‍ക്കം: വെടിയേറ്റ്​ ചികിത്സയിലിരുന്ന മാതൃസഹോദരനും മരിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന്​ വെടിയേറ്റ്​ ചികിത്സയിലിരുന്ന രണ്ടാമനായ മാതൃസഹോദരനും മരിച്ചു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനെത്തി വെടിയേറ്റ കൂട്ടിക്കല്‍ പൂച്ചക്കല്‍ പൊട്ടംകുളത്ത് മാത്യു സ്‌കറിയയാണ്​ (രാജു -78) ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാല്‍ കുടുംബവസതിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ നടന്ന വെടിവെപ്പില്‍ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. കരിമ്പനാല്‍ രഞ്ജു കുര്യന്‍ (49) സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മാത്യു സ്‌കറിയ ചൊവ്വാഴ്ച പുലര്‍ച്ച 12.30ഓടെയാണ്​ മരണപ്പെട്ടത്​. കൊച്ചിയില്‍ ഫ്ലാറ്റ്​ നിര്‍മിച്ച്​ വില്‍പന നടത്തിവരുന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന്​ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായതോടെ പിതാവ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലെ വീടിനുസമീപത്തെ രണ്ടരയേക്കര്‍ സ്ഥലം ജോര്‍ജിന്​ നല്‍കുകയായിരുന്നു. ഇത് പ്ലോട്ടുകളാക്കി ഫ്ലാറ്റ് നിര്‍മിക്കാനായിരുന്നു ജോര്‍ജിന്‍റെ തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച്​ സഹോദരന്‍ രഞ്ജു കുര്യന്‍ എതിര്‍ത്തത് ഇരുവരും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. കുടുംബവീടിനോട് ചേര്‍ന്ന്​ മറ്റ്​ വീടുകള്‍ വരുന്നത് ശരിയല്ലെന്നും അതിനാല്‍ 41 സെന്‍റ്​ സ്ഥലം ഒഴിച്ച്​ മാത്രമേ നിര്‍മാണജോലി നടത്താവൂ എന്നുമായിരുന്നു രഞ്ജുവിന്‍റെ നിലപാട്. ഇതാണ് ഇരുവരും ശത്രുതയിലാകാന്‍ ഇടയാക്കിയത്. വിഷയത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാനായില്ല. കഴിഞ്ഞ മൂന്നുദിവസംമുമ്പ്​ എറണാകുളത്തെ വീട്ടില്‍നിന്ന്​ കാഞ്ഞിരപ്പള്ളിയിലെ ക്ലബില്‍ താമസിച്ച ജോര്‍ജ് ഞായറാഴ്ച വീട്ടിലെത്തി പിതാവുമായി വാക്കേറ്റമുണ്ടാവുകയും പിതാവിനെ പിടിച്ചുതള്ളിയതായും പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യവുമായി ബന്ധപ്പെട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന രഞ്ജു തിങ്കളാഴ്ച കുടുംബവീട്ടിലെത്തുകയും സഹോദരന്‍ ജോര്‍ജുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. പ്രശ്‌ന പരിഹാരത്തിന്​ മാതൃസഹോദരന്‍ മാത്യു സ്‌കറിയയേയും കൂട്ടിയിരുന്നു. ഏറെനേരം സംസാരിച്ചെങ്കിലും പരിഹാരമുണ്ടാവാതായതോടെ ഇരുവരുടെയും വാക്കേറ്റം കൈയാങ്കളിയിലെത്തുകയും ജോര്‍ജ് കൈവശം കരുതിയിരുന്ന റിവോള്‍വര്‍ എടുത്ത്​ സഹോദരനെയും മാതൃസഹോദരനെയും വെടിവെക്കുകയുമായിരുന്നു. മേഖലയിലെ പ്രമുഖ തോട്ടമുടമകളുടെ കുടുംബമാണ് കരിമ്പനാലും പൊട്ടംകുളവും. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങളാണ് ഇരുവരുടെയും. കുടുംബത്തില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പും കൊലപാതകവും നാട്​ ​ഏറെ ഞെട്ടലോടെയാണ്​ നോക്കിക്കാണുന്നത്. മാള അമ്പൂക്കന്‍ കുടുംബാംഗം ആനി മാത്യുവാണ് മാത്യു സ്‌കറിയയുടെ ഭാര്യ. മക്കള്‍: രേണു മാത്യു, അഞ്ജു മാത്യു, അന്നു മാത്യു, നീതു. മരുമക്കള്‍: മാത്തന്‍ ചക്കുളത്ത്, മാത്യു കുരുവിനാകുന്നേല്‍, സഞ്ജു ആനത്താനം, ജോസഫ് ഔസേഫ് പുളിക്കല്‍. മാത്യു സ്‌കറിയയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കൂട്ടിക്കല്‍ സെന്‍റ്​ ജോര്‍ജ് പള്ളി സെമിത്തേരിയില്‍. രഞ്ജു കുര്യന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. KTGWBLMURDER KPLY മാത്യു സ്കറിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story