Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:39 AM IST Updated On
date_range 8 March 2022 5:39 AM ISTകോട്ടയത്തെ പെൺകുട്ടികളെ കണ്ടോടാ...
text_fieldsbookmark_border
കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർ ശ്രദ്ധിച്ച വാർത്തയായിരുന്ന നഗരമധ്യത്തിൽ പെൺകുട്ടികൾ സാമൂഹിക വിരുദ്ധനെ ഓടിച്ചിട്ടുപിടിച്ചത്. തങ്ങൾക്കുനേരെ അതിക്രമം കാട്ടിയ ആളെ പുറകെപോയി 20 മിനിറ്റോളം തിരഞ്ഞുപിടിച്ച് കണ്ടെത്തിയാണ് പൊലീസിന് കൈമാറിയത്. ആത്മാഭിമാനവും തന്‍റേടവുമുള്ള ഈ മിടുക്കികൾക്കാവട്ടെ വനിതദിനത്തിലെ കൈയടി... തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് അവർ 'രാവിലെ 11 മണിയോടെയാണ് ഞങ്ങൾ നാലുപേർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി തിയറ്റർ റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് എതിരെ വലിയ ബാഗും തൂക്കി നടന്നുവന്നിരുന്നയാൾ ഞങ്ങളിലൊരാളുടെ ശരീരത്ത് കയറിപ്പിടിച്ചു. എടാ എന്നുപറഞ്ഞ് ഉടൻ ഞങ്ങൾ തിരിഞ്ഞുനിന്നപ്പോഴേക്കും അയാൾ മാർക്കറ്റ് റോഡിലൂടെ ഓടി. അപ്പോഴത്തെ ധൈര്യത്തിന് ഞങ്ങളും പുറകെ പാഞ്ഞു. കൈയിൽകിട്ടിയാൽ ഒന്നു കൊടുക്കണമെന്നു കരുതിത്തന്നെയാണ് പുറകെ വെച്ചുപിടിച്ചത്. ഞങ്ങൾ പുറകെയുണ്ടെന്നുകണ്ട ഇയാൾ ഓടി മാർക്കറ്റിനകത്തേക്കുകയറി. ഞങ്ങളും മാർക്കറ്റിനുള്ളിൽ കയറി. അപ്പോൾ അയാളെ കാണാനില്ല. ഞങ്ങൾ വഴിയിലും മാർക്കറ്റിനകത്തും തിരഞ്ഞു. അവിടെയുണ്ടായിരുന്നവരോടും റോഡിലും അന്വേഷിച്ചു. ആരും അങ്ങനെയൊരാളെ കണ്ടില്ലെന്നു പറഞ്ഞു. അയാളുടെ കൈയിൽ വലിയ ബാഗ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്കുതോന്നി ബസിൽ കയറിയിട്ടുണ്ടാവുമെന്ന്. ഉടൻ ഞങ്ങൾ ബസ്സ്റ്റാൻഡിൽ തിരിച്ചെത്തി. അയാളുടെ കഷണ്ടിത്തലയും മുഖവും ഞങ്ങളുടെ ഓർമയിലുണ്ടായിരുന്നു. എല്ലാ ബസുകളിലും കയറിയിറങ്ങിത്തിരഞ്ഞു. പലരും ചോദിക്കുന്നുണ്ടായിരുന്നു എന്തെങ്കിലും കളഞ്ഞുപോയതാണോ എന്ന്. ബസിൽ കാണാതായപ്പോൾ ഞങ്ങൾ നിരാശരായി തിരിച്ച് തിയറ്റർ റോഡിലേക്കുതന്നെ വന്നു. അപ്പോൾ അയാൾ എതിരെ വീണ്ടും വരുന്നു. നേരത്തേ ധരിച്ചിരുന്ന ഷർട്ടും മാസ്കും മാറ്റിയിട്ടുണ്ട്. ബാഗും കൈയിലുണ്ട്. വേഷം മാറ്റിയിട്ടും ഞങ്ങൾ അയാളെ തിരിച്ചറിഞ്ഞു. ഞങ്ങൾ കണ്ടു എന്ന് മനസ്സിലാക്കിയതോടെ ഇയാൾ തിരിഞ്ഞുനോക്കി ഓടാൻ തുടങ്ങി. ഞങ്ങൾ പുറകെയും. എല്ലാവരും എന്താണു കാര്യമെന്നറിയാതെ നോക്കുന്നുണ്ട്. മാർക്കറ്റിനുള്ളിൽവെച്ച് ഇയാളെ ഞങ്ങൾ പിടിച്ചുനിർത്തി. ചുറ്റും ആളുകൾ കൂടി. അപ്പോൾ അയാൾ ഒന്നും അറിയാത്തപോലെ പറയുന്നുണ്ട് എന്താണ് കാര്യം, ഞാനൊന്നും ചെയ്തില്ല എന്നൊക്കെ. അപ്പോഴേക്കും ബഹളംകേട്ട് പിങ്ക് പൊലീസും പിന്നാലെ വെസ്റ്റ് പൊലീസും സ്ഥലത്തെത്തി. പിങ്ക് പൊലീസിന്‍റെ വാഹനത്തിൽ ഞങ്ങളെ സ്റ്റേഷനിലെത്തിച്ചു. അവിടെയെത്തിയപ്പോൾ അയാൾ ആദ്യം പറഞ്ഞത് ഞാനല്ല എന്നാണ്. പിന്നെപ്പറഞ്ഞു അറിയാതെ തട്ടിയതാണെന്ന്. അറിയാതെ തട്ടുന്നതും ദേഹത്ത് കയറിപ്പിടിക്കുന്നതും ഞങ്ങൾക്ക് അറിയാം. ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്‍റെ നിറവും ഞങ്ങൾ പറഞ്ഞുകൊടുത്തു. അയാൾ മാറ്റിയിട്ട ഷർട്ട് ബാഗിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story