Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിൽ വിദ്യാർഥികൾക്ക്​...

ബസിൽ വിദ്യാർഥികൾക്ക്​ വിലക്ക്​; ജില്ലയിലും നിരവധി പരാതികൾ

text_fields
bookmark_border
കോട്ടയം: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങളിൽ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ്​ ഏർപ്പെടുത്തിയ വാട്​സ്​ആപ് നമ്പറിലേക്ക്​ പരാതികൾ ഏറെ. ബസിൽ കയറ്റാതിരിക്കുക, ബസ്​ പുറപ്പെടുംവരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, കൺസെഷൻ നിഷേധിക്കുക എന്നിങ്ങനെ മോശം അനുഭവങ്ങൾ നേരിട്ടാൽ വാട്​സ്​ആപ്​​ വഴി പരാതി അയക്കാനുള്ള സംവിധാനമാണ്​ വകുപ്പ്​ ഏർപ്പെടുത്തിയത്​. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേകം വാട്​സ്​ആപ്പ്​ നമ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പറി​ലേക്ക്​ ​ ജില്ലയിൽനിന്ന്​ ദിവസങ്ങൾക്കിടെ 10 പരാതികളാണ്​ ലഭിച്ചത്​. ചങ്ങനാശ്ശേരി, പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ എന്നിവിടങ്ങളിൽനിന്നായിരുന്നു​ പരാതി. കൺസെഷനുമായി ബന്ധപ്പെട്ട്​ മോശം അനുഭവമുണ്ടായെന്നാണ്​ പരാതികളിൽ കൂടുതലും. ഇതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ ടോജോ എം.തോമസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പാലാ, കോട്ടയം, കറുകച്ചാൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരാതിയിൽ പരാമർശിക്കുന്ന ബസുടമകൾക്ക്​ താക്കീതും നൽകിയിട്ടുണ്ട്​. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിലും പരിശോധന നടത്തിയിരുന്നു. പരാതികൾ അന്വേഷണം നടത്തി ശരിയാണെന്ന്​ തെളിഞ്ഞാൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ ആ.ടി.ഒ പറഞ്ഞു. സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്രചെയ്യാൻ ബസുകളെയാണ് ആശ്രയിക്കുന്നത്. പലയിടങ്ങളിലും സ്കൂൾ ബസുകൾ സർവിസ്​ ആരംഭിച്ചിട്ടില്ല. ഇതോടെ നേരത്തേ സ്കൂൾ വാഹനങ്ങളെ ആശ്രയിച്ചിരുന്നവരും ഇപ്പോൾ സ്വകാര്യ ബസുകളിലാണ്​ യാത്ര. ഭൂരിപക്ഷം ബസുടമകളും ജീവനക്കാരും വിദ്യാർഥികൾക്കുള്ള സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ, ചെറിയ വിഭാഗം ബസ്​ ജീവനക്കാരിൽനിന്നാണ്​ വിദ്യാർഥികൾക്ക് മോശം അനുഭവങ്ങളുണ്ടാകുന്നതെന്ന്​ മോട്ടോർ വാഹനവകുപ്പ്​ അധികൃതർ വ്യക്തമാക്കുന്നു. ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങൾക്കെതി​രെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷനും നിർദേശിച്ചിരുന്നു. അതേസമയം, കോവിഡിനുപിന്നാലെ പകുതിയോളം സർവിസുകൾ നിലച്ചതായും ബസുടമകൾ പറയുന്നു. പല ബസുകളും ഓടുന്നില്ല. അതിനാൽ ഓരോ ബസിലും കയറുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്​. ബസിൽ കുട്ടികൾ നിറഞ്ഞാൽ മറ്റ്​ യാത്രക്കാർ കയറില്ല. ഇത്​ വലിയ വരുമാനചോർച്ചക്കിടയാക്കുന്നുണ്ട്​. പല ബസുകളിലും കയറ്റാവുന്നതിലപ്പുറം പേർ യാത്രചെയ്യുന്ന സ്ഥിതിയാണ്​. ഇത്​ തകരാറിനിടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുതിർന്നവർക്കായി സീറ്റുകളിൽനിന്ന്​ കുട്ടികൾ ഏഴുന്നേറ്റുമാറുന്നില്ല. ഇത്തരം നിലപാടുകൾ വിദ്യാർഥികൾ തിരുത്തണമെന്നും ഇവർ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച്​ സർവിസുകളുടെ എണ്ണം വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന്​ മോട്ടോർ വാഹനവകുപ്പും പറയുന്നു. --ബോക്സ്​-- ബസുകളിൽ വിദ്യാർഥികൾക്ക് മോശം പെരുമാറ്റം നേരിട്ടാൽ വാട്സ്ആപ്പിൽ അറിയിക്കാം. ഫോൺ: 9188961005.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story