Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:48 AM IST Updated On
date_range 5 March 2022 5:48 AM ISTപമ്പ തീരത്ത് ജൈവ വൈവിധ്യബോർഡിന്‍റെ വിജ്ഞാനകേന്ദ്രം വരുന്നു
text_fieldsbookmark_border
കോട്ടയം: പമ്പ നദീതീരത്ത് ജൈവവൈവിധ്യങ്ങൾ നിറയുന്ന വിജ്ഞാനകേന്ദ്രം വരുന്നു. റീ ബിൽഡ് കേരളയുടെ ഭാഗമായി ജൈവവൈവിധ്യബോർഡാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു. ജൈവവൈവിധ്യമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും ജനങ്ങൾക്കുമിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം തുറക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിൻെറ ആവശ്യകത വിവരിക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവക്കൊപ്പം വിവിധ ആവാസവ്യവസ്ഥകൾ, വൈവിധ്യം എന്നിവയുടെ നേർക്കാഴ്ചകളും ഒരുക്കും. നദീതീര ജൈവവൈവിധ്യത്തിനും അതിൻെറ സംരക്ഷണത്തിനും ഊന്നൽ നൽകുന്ന കേന്ദ്രത്തിൽ വിവിധ ചെടികൾ, മരങ്ങൾ, ജീവികൾ, ഒപ്പം ഇവയുടെ പ്രാധാന്യങ്ങളടക്കമുള്ള വിശദാംശങ്ങളുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ/ഏജൻസികളെയാണ് കേന്ദ്രമൊരുക്കാനായി ക്ഷണിച്ചത്. ആശയങ്ങളും ബജറ്റും അടക്കം സമർപ്പിക്കാനാണ് നിർദേശം. അപേക്ഷകൻ സമാനമായ പ്രോജക്ടുകൾ വിജയകരമായി നടപ്പാക്കിയിരിക്കണമെന്നും മൂന്ന് വർഷത്തെ ഓൺസൈറ്റ് സേവനം നൽകണമെന്നും ടെൻഡറിൽ പറയുന്നു. രണ്ടുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. പൊതുജനങ്ങൾക്ക് സൗജന്യമായിട്ടാകും പ്രദർശനം. ഗാലറികൾ, മോഡലുകൾ, ഓഡിയോ വിഷ്വൽ ലൈറ്റ് ഇഫക്ടുകൾ,കിയോസ്കുകൾ, അടയാളങ്ങൾ, പെയിന്‍റുകൾ, ചിത്രീകരണങ്ങൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ, എൽ.ഇ.ഡി മതിൽ,അവബോധ വിഡിയോകൾ മുതലായവ കേന്ദ്രത്തിലുണ്ടാകും. പമ്പ നദിയിലെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ് കേന്ദ്രം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിനായി സ്ഥലം കണ്ടെത്തും. നദിയോട് ചേർന്നുകിടക്കുന്ന റാന്നിയടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. നേരത്തേ ജൈവവൈവിധ്യബോർഡ് നടത്തിയ പഠനത്തിൽ മഹാപ്രളയത്തിൽ പമ്പ, പെരിയാർ നദികളിൽ ജൈവവൈവിധ്യത്തിന് കനത്ത നഷ്ടമുണ്ടായെന്ന് കണ്ടെത്തി. തുടർന്നാണ് ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായത്. ഇതിൻെറ തുടർച്ചയായാണ് പരീക്ഷണാടിസ്ഥാനത്തിൽ വിജ്ഞാനശേഖരം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story