Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM ISTസി.പി.എം ബഹിഷ്കരിച്ചു
text_fieldsbookmark_border
കൊക്കയാർ: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ വിതരണചടങ്ങുകൾ സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ ബഹിഷ്കരിച്ചു. നാരകംപുഴ സി.എസ്.ഐ പാരീഷ് ഹാളിൽ മന്ത്രി കെ.രാജൻ പങ്കെടുത്ത യോഗത്തിൽ നിന്നാണ് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്‍റ്, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, ഇടുക്കി ജില്ല പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം ലോക്കൽ സെക്രട്ടറി, കേരള കോൺഗ്രസ്-എം,ജെ വിഭാഗങ്ങളുടെ മണ്ഡലം പ്രസിഡന്‍റുമാർ എന്നിവർ വിട്ടുനിന്നത്. പാർട്ടിനിർദേശത്തെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയാ മോഹനൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അറിയിച്ചു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കഴിഞ്ഞദിവസം പ്രളയദുരിതത്തിൽ പെട്ട ആളുകൾക്ക് ധനസഹായം വിതരണം ചെയ്തിരുന്നു. കൊക്കയാറിൽ ഇത് വൈകിയതോടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാവുകയും വേഗത്തിൽ യോഗം ചേർന്ന് ധനസഹായ വിതരണം നടത്തുകയുമായിരുന്നുവെന്നാണ് ആക്ഷേപം. എം.എൽ.എ ഉൾപ്പെടെയുള്ളവർ ഏകോപനം ഇല്ലാത്ത നടപടികളാണ് സ്വീകരിച്ചതെന്നും അതുകൊണ്ടാണ് വിട്ടുനിന്നതെന്നുമാണ് പറയുന്നത്. എന്നാൽ, ഇടുക്കി ജില്ലയിലെ ഒരു റവന്യൂ ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തതോടെ റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും സി.പി.എമ്മും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണെന്നും ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബഹിഷ്കരണമെന്നും ആരോപണമുണ്ട്. യോഗത്തിൽ പങ്കെടുത്ത കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേഖലയിലെ പ്രളയദുരിതാശ്വാസം വൈകിയതിൽ ആളുകൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരസ്യമായി പ്രസംഗിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി മറുപടി പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story