Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:36 AM IST Updated On
date_range 4 March 2022 5:36 AM ISTഅള്ളുങ്കൽ ശ്രീധരൻ: സംശയം നീങ്ങാതെ പൊലീസ്
text_fieldsbookmark_border
തൊടുപുഴ: അരനൂറ്റാണ്ട് പിന്നിട്ട ഒളിവുജീവിതത്തിനൊടുവിൽ കഴിഞ്ഞയാഴ്ച മരണപ്പെട്ട അള്ളുങ്കൽ ശ്രീധരനുമായി ബന്ധപ്പെട്ട സംശയങ്ങളുടെ കുരുക്കഴിക്കാൻ പൊലീസ് തീവ്രശ്രമം തുടങ്ങി. വയനാട് പൊലീസ്, സ്പെഷൽ ബ്രാഞ്ച്, സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം എന്നിവയാണ് ഇടുക്കിയിൽ മാവടി തങ്കപ്പൻ എന്ന പേരിലുള്ള ശ്രീധരന്‍റെ ഒളിവുജീവിതത്തെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും അന്വേഷിക്കുന്നത്. ഇടുക്കി ജില്ല പൊലീസ് ഇവരെ സഹായിക്കുന്നുണ്ട്. പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ നക്സൽ വർഗീസിനും അജിതക്കുമൊപ്പം പങ്കെടുത്ത ശ്രീധരന് മേൽക്കോടതി ശിക്ഷ വിധിച്ചതോടെയാണ് ഇടുക്കിയിലെത്തിയത്. കേസ് സംബന്ധിച്ച് വയനാട് പൊലീസിന്‍റെ പക്കലുള്ള വിവരങ്ങൾ ഇടുക്കിയിലെ അന്വേഷണ സംഘങ്ങൾക്ക് കൈമാറിയിരുന്നു. ഇടുക്കിയിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങൾ ആഭ്യന്തര വകുപ്പിനും വയനാട് പൊലീസിനും കൈമാറിയിട്ടുണ്ട്. അരനൂറ്റാണ്ടോളം ഒളിവുജീവിതം നയിച്ച മാവടി തങ്കപ്പൻ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതി അള്ളുങ്കൽ ശ്രീധരൻ തന്നെയാണോ എന്ന സംശയം ഇപ്പോഴും പൊലീസിൽ നിലനിൽക്കുകയാണ്. ഇത് നീക്കാൻകൂടിയാണ് വിശദ പരിശോധന. ഇതോടൊപ്പം ശ്രീധരൻ മരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പേരിലുള്ള കേസുകൾ അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകാനും ഉദ്ദേശിക്കുന്നു. നെടുങ്കണ്ടം മാവടിയിൽ കൃഷിപ്പണികളുമായി ജീവിച്ച ശ്രീധരനെ അവസാനം വരെ അയൽവാസികൾപോലും തിരിച്ചറിഞ്ഞിരുന്നില്ല. കെ. അജിത അയച്ച ആദരാഞ്ജലിക്കുറിപ്പ് സ്ഥലത്ത് വായിച്ചതോടെയാണ് പഴയ വിപ്ലവകാരി അള്ളുങ്കൽ ശ്രീധരനാണ് മരിച്ചതെന്ന് പുറംലോകമറിഞ്ഞത്. മാവടി തങ്കപ്പനായി ജീവിക്കുന്ന താൻ അള്ളുങ്കൽ ശ്രീധരനാണെന്ന രഹസ്യം മരണം വരെ മറ്റാരും അറിയാൻ ഇടവരരുതെന്ന് അദ്ദേഹം വിശ്വസ്തരെ പറഞ്ഞ് ഏൽപിച്ചിരുന്നു. 80കാരനായ ശ്രീധരൻ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞമാസം 24ന് അർധരാത്രിയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story