Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:42 AM IST Updated On
date_range 28 Feb 2022 5:42 AM ISTയുക്രെയ്ൻ: പ്രാർഥനയുമായി പാലായും
text_fieldsbookmark_border
പാലാ: യുക്രെയ്‌നിൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മക്കളെ ഓർത്ത് ഭയവിഹ്വലരായി കഴിയുകയാണ് മുത്തോലിയിലെയും കടപ്പാട്ടൂരിലെയും കുടുംബങ്ങളും നാട്ടുകാരും. തോപ്പിൽ സാജു ജോസ്-ബിനി ദമ്പതികളുടെ മകൾ മെറിനും മുൻ മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി മുത്തോലി പന്തത്തല ചെല്ലന്തറ പൊയ്കയിൽ തോമസ് കുട്ടിയുടെയും ആൻസിയുടെയും മകൾ ഡൈന തോമസും മാഞ്ഞൂർ സ്വദേശികളായ കടപ്പാട്ടൂരിൽ താമസിക്കുന്ന കൊട്ടുകാപ്പള്ളി അലൻ പോൾ ടെസിനുമാണ് യുക്രെയ്‌നിൽ കുടുങ്ങിയത്. തലസ്ഥാനമായ കിയവിന് 508 കിലോമീറ്റർ അകലെയുള്ള ഖാർകീവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മെറിൻ. ഡൈന കെരാസിൻ ഖാർകീവ് നാഷനൽ സർവകലാശാലയുടെ മെഡിക്കൽ കോളജിലും. ഹോസ്‌റ്റലിന് സമീപത്തെ മെട്രോ ബങ്കറിലാണ് 150 മലയാളി വിദ്യാർഥികളടങ്ങുന്ന സംഘം അഭയം തേടിയത്. കടുത്ത മഞ്ഞുവീഴ്‌ചയുള്ള മേഖലയിലെ ബങ്കറിനുള്ളിൽ ഉറക്കം നഷ്ടമായി വെറുംതറയിൽ തണുത്ത് വിറങ്ങലിച്ച് ഭയന്നുവിറച്ച് കഴിയുകയാണ് സംഘം. കരുതിയ ഭക്ഷണവും വെള്ളവും തീർന്നു. ഇന്ത്യൻ എംബസി അധികൃതരോ യൂനിവേഴ്‌സിറ്റി അധികാരികളോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മെറിൻ രക്ഷിതാക്കളോട് പറഞ്ഞു. ബാങ്ക്, എ.ടി.എം കൗണ്ടറുകളും പ്രവർത്തിക്കുന്നില്ല. മെറിൻ ഉൾപ്പെടെയുള്ള വിദ്യാർഥികളിൽ പലരും പാലായിലെ സ്വകാര്യ സ്ഥാപനം മുഖേനയാണ് മെഡിക്കൽ പ്രവേശനം നേടിയത്. സ്ഥാപന ഉടമയുടെ മകൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഗുരുതര സാഹചര്യം ഉടലെടുത്തിട്ടും ഏജൻസി അധികൃതരും അന്വേഷിച്ചില്ലെന്ന് മെറിന്റെ രക്ഷിതാക്കൾ പറഞ്ഞു. അലൻ സുമി സ്റ്റേറ്റ് യൂനിവേഴ്സിറ്റി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സാണ്. മൂന്ന് വർഷമായി ഇവിടെയാണ്. മാതാവ് ബെറ്റി ഗൾഫിലാണ്. മുത്തോലി പഞ്ചായത്ത് അംഗം സിജു എസ്. നായരുടെ നേതൃത്വത്തിൽ അലനെ ബന്ധപ്പെട്ടു. തൽക്കാലം സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് ലഭ്യമായ വിവരം. ബി.ജെ.പി പ്രാദേശിക നേതൃത്വം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് കേന്ദ്രമന്ത്രിയും രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
