Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:42 AM IST Updated On
date_range 28 Feb 2022 5:42 AM ISTറഷ്യയുടെ മിസൈലാക്രമണം ഭയന്ന് ഇന്‍റർനെറ്റും ലൊക്കേഷനും ഓഫാക്കി വിദ്യാർഥികൾ
text_fieldsbookmark_border
കോട്ടയം: റഷ്യയുടെ മിസൈലാക്രമണം ഭയന്ന് ഇന്‍റർനെറ്റും ലൊക്കേഷനും ഓഫാക്കി ഖാർകീവിലുള്ള കോട്ടയം സ്വദേശികളായ വിദ്യാർഥികൾ. യുക്രെയ്നിൽ ഇന്‍റർനെറ്റ് ഉപയോഗം കൂടുതലുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി റഷ്യയുടെ മിസൈലാക്രമണത്തെ തുടർന്നാണ് അധികൃതരുടെ നിർദേശ പ്രകാരം ശനിയാഴ്ച രാത്രി മുതൽ വിദ്യാർഥികൾ ഇന്‍റർനെറ്റ് ഓഫാക്കിയത്. ജിയോലൊക്കേഷൻ ഉപയോഗിച്ച് ഇവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതായും വിദ്യാർഥികൾ പറയുന്നു. തുടരെത്തുടരെയുള്ള സ്ഫോടനങ്ങൾക്ക് നടുവിൽ ഭീതിയോടെ ബങ്കറിൽ കഴിയുകയാണ് ഇപ്പോഴും വിദ്യാർഥികൾ. പലരും കഴിഞ്ഞ ദിവസത്തെക്കാൾ പരിഭ്രാന്തരാണ്. പുറംകാഴ്ചയിൽ ദൃശ്യമാകുന്ന ഒഴിഞ്ഞ നിരത്തുകളും ഇടക്കിടെ കടന്നുപോകുന്ന സൈനിക വാഹനങ്ങളും സ്ഫോടനശബ്ദങ്ങളും ഭീതിപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളെല്ലാം ഖാർകീവിൽനിന്ന് വിദ്യാർഥികളെ കൊണ്ടുപോയതായും ഇന്ത്യയിൽനിന്ന് ശരിയായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. ഖാർകീവ് ദേശീയ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾ ഹോസ്റ്റലിലെ ബങ്കറിലാണ് കഴിയുന്നത്. ബങ്കറിൽ പൊടിനിറഞ്ഞ് വായു മലിനമായി. ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇപ്പോൾ ഹോസ്റ്റൽ മെസ് ജീവനക്കാർ എത്തി രാവിലെയും രാത്രിയും മാത്രം ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്. അതും അളവ് നിയന്ത്രിച്ചാണ് നൽകുന്നത്. പുറത്തിറങ്ങരുതെന്നും എവിടെയാണ് കഴിയുന്നത് അവിടെത്തന്നെ സുരക്ഷിതമായി തുടരാനാണ് തങ്ങൾക്ക് ഏജന്‍റുമാർ നൽകുന്ന നിർദേശമെന്ന് തലയോലപ്പറമ്പ് സ്വദേശി അരവിന്ദ് എസ്. കുമാർ പറഞ്ഞു. 'ഭക്ഷണം തീർന്നു' തങ്ങൾ വാങ്ങി സൂക്ഷിച്ച ഭക്ഷണം തീർന്നതായി ചങ്ങനാശ്ശേരി സ്വദേശിനി അക്ഷയ പറഞ്ഞു. ബൺ, ബിസ്കറ്റ് തുടങ്ങിയവയാണ് കൈയിലുണ്ടായിരുന്നത്. പുറത്തിറങ്ങി വാങ്ങാനും കഴിയുന്നില്ല. അടുത്തെങ്ങും കടകൾ തുറന്നിട്ടില്ല. ദൂരേക്ക് അന്വേഷിച്ചുപോകാൻ കഴിയില്ല. പുറത്തിറങ്ങരുതെന്നാണ് നിർദേശം. പുറത്ത് വെടിവെപ്പിന്‍റെ ശബ്ദം കേൾക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയില്ല. ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അക്ഷയ അപേക്ഷിക്കുന്നു. കൊല്ലത്തുനിന്നുള്ള അഞ്ജലി, എറണാകുളത്തുനിന്നുള്ള ദീപ്തി, ഡൽഹിയിൽനിന്നുള്ള ഗ്രീഷ്മ എന്നിവർക്കൊപ്പം ഖാർകീവിലെ ഫ്ലാറ്റിലാണ് അക്ഷയയുടെ താമസം. രാത്രി കിടക്കാൻ മെട്രോ സ്റ്റേഷനിൽ പോകും. മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട നിലയിലാണ് ഇവർ. ഖാർകീവിലാണ് ഏറ്റവുമധികം മലയാളി വിദ്യാർഥികളുള്ളത്. റഷ്യൻ അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ റഷ്യ വഴിയേ ഇവരെ പുറത്തെത്തിക്കാൻ കഴിയൂ. അതിന് റഷ്യ സമ്മതിക്കണം. ഇക്കാര്യം റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നാണറിവ്. യുക്രെയ്നിലൂടെ പുറത്തുകടക്കണമെങ്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം. അതു അപകടവുമാണ്. KTG METRO-യുക്രെയ്നിലെ ഖാർകീവിൽ മെട്രോ സ്റ്റേഷനിൽ അഭയം തേടിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story