Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTഗുണ്ടകൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും സി.പി.എം ഒത്താശ -പ്രതിപക്ഷനേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയിൽ നന്ദിപ്രമേയ ചർച്ചക്കിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ബഹിഷ്കരണത്തിനിടെ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ തൃപ്തരാകാതെ ആരോപണങ്ങൾ കൂടുതൽ ശക്തമായി ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണു ദിനേന ഉണ്ടാകുന്നതെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഗുണ്ടകൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഒത്താശ നൽകുന്നത് സി.പി.എം ആണെന്ന് അദ്ദേഹം ആരോപിച്ചു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ നടപടിയില്ല. ഗുണ്ടകൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഒത്താശ നൽകുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയാണ്. അസാധാരണ സാഹചര്യത്തിൽ നടന്ന അസാധാരണ കൊള്ളയാണ് മെഡിക്കൽ സർവിസസ് കോർപറേഷനിലെ അഴിമതി. മെഡിക്കൽ ഉപകരണങ്ങളും മറ്റും ഉയർന്ന വിലയ്ക്ക് വാങ്ങിയതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ അന്വേഷണം പ്രഹസനമാകും. കെ.എസ്.ഇ.ബിയിലെ ക്രമക്കേടുകൾ തുറന്നുപറഞ്ഞ ചെയർമാനെ മുൻമന്ത്രി ആക്ഷേപിക്കുകയും നിലവിലെ മന്ത്രിയെ പേടിപ്പിക്കുകയുമാണ്. കോടികളുടെ അഴിമതിയാണ് വൈദ്യുതിബോർഡിൽ നടന്നത്. ഹൈഡൽ ടൂറിസത്തിന്റെ മറവിൽ കോടികൾ വിലയുള്ള ബോർഡിന്റെ സ്വത്തുക്കൾ സ്വന്തക്കാർക്ക് നൽകി. കെടുകാര്യസ്ഥതയും അഴിമതിയും കാരണം ബോർഡിനുണ്ടായ നഷ്ടം ചാർജ് വർധനയിലൂടെ സാധാരണക്കാരിൽനിന്ന് ഈടാക്കി നികത്താനാണ് നോക്കുന്നത്. രണ്ട് അഴിമതിയിലും യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും. സ്വർണക്കടത്ത് എവിടെ തുടങ്ങി എവിടെ അവസാനിച്ചെന്ന് കണ്ടെത്തേണ്ട ചുമതല പ്രതിപക്ഷത്തിനല്ല. ആറു വർഷം മുഖ്യമന്ത്രിയായിരുന്നിട്ടും അതിന് സാധിച്ചില്ലെങ്കിൽ പിണറായി ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് പകരക്കാരെ നിയമിക്കാൻ തങ്ങളെ അനുവദിച്ചാൽ കണ്ടെത്തി തരാം. സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടുനിന്നെന്ന് കേസിലെ പ്രതിയാണ് പറഞ്ഞത്. വിദേശ കറൻസി കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കസ്റ്റംസിന് അവർ മൊഴി നൽകിയിട്ടും അന്വേഷണമോ ചോദ്യംചെയ്യലോ ഇല്ല. കേന്ദ്ര ബി.ജെ.പി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലെ ധാരണയാണ് ഇതിനു കാരണം. ലാവലിൻ കേസ് വിചാരണ വൈകുന്നതിന് പിന്നിലും ഈ ധാരണയാണെന്നു സതീശൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story