Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:31 AM IST Updated On
date_range 26 Feb 2022 5:31 AM ISTകാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ പഞ്ചായത്തംഗവും സഹായികളും അറസ്റ്റിൽ
text_fieldsbookmark_border
എൽ.ഡി.എഫ് സ്വതന്ത്രയാണ് പഞ്ചായത്ത്അംഗം കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ പഞ്ചായത്ത്അംഗവും രണ്ട് സഹായികളും അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പുറ്റടി അമ്പലമേട് തൊട്ടാപുരക്കൽ സുനിലിന്‍റെ ഭാര്യയും വണ്ടന്മേട് ഗ്രാമ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര അംഗവുമായ സൗമ്യ സുനിൽ (33), സുനിലിന്‍റെ ബൈക്കിൽ ഒളിപ്പിക്കാൻ മയക്കുമരുന്നായ എം.ഡി.എം.എ കൊണ്ടുവന്ന കൊല്ലം വേങ്ങക്കര റഹിയമൻസിലിൽ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കൽ അനിമോൻ മൻസിലിൽ എസ്. ഷെഫിൻഷാ(24) എന്നിവരാണ് അറസ്റ്റിലായത്. ഗൾഫിലേക്ക് കടന്ന കാമുകൻ വിനോദിനെ (43) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. ഭർത്താവിനെ ഇല്ലാതാക്കാൻ ഭാര്യയും കാമുകനും ചേർന്ന് കൂടത്തായി മോഡൽ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു. കഴിഞ്ഞ 22ന് രാവിലെയാണ് സൗമ്യയുടെ ഭർത്താവ് സുനിലിന്‍റെ ബൈക്കിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. ഇടുക്കി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വഴിയരികിൽ പാർക്ക് ചെയ്ത ബൈക്കിൽനിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ആളല്ലെന്ന് വ്യക്തമായി. തന്നെ ആരോ കെണിയിൽ പെടുത്തിയതാകാമെന്ന സുനിലിന്‍റെ മൊഴിയാണ് പഞ്ചായത്ത് അംഗമായ ഭാര്യയുടെയും സഹായികളുടെയും അറസ്റ്റിലേക്ക് നയിച്ചത്. ഭർത്താവിനെ ജയിലിലാക്കി കാമുകനൊപ്പം ജീവിക്കാനുള്ള സൗമ്യയുടെ ഗൂഢ പദ്ധതിയുടെ ഭാഗമായാണ് മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 18ന് സുഹൃത്തുക്കളായ ഷാനവാസും ഷെഫിനും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വെച്ച് മയക്കുമരുന്ന് സൗമ്യയുടെ കാമുകനായ വിനോദിന് കൈമാറി. ഇത് സൗമ്യയെ ഏൽപ്പിച്ചശേഷം വിനോദ് ഗൾഫിലേക്ക് കടന്നു. 22ന് സൗമ്യ മയക്കുമരുന്ന് സുനിലിന്റെ ബൈക്കിൽവെച്ചശേഷം ഫോട്ടോ എടുത്ത് വിനോദിന് അയച്ച് കൊടുത്തു. സുനിലിന്‍റെ ബൈക്കിൽ മയക്കുമരുന്ന് ഉള്ള വിവരം വിനോദ് പൊലീസിനെയും മറ്റിതര ഏജൻസികളെയും അറിയിച്ചു. തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതി ഇട്ടെങ്കിലും പിന്നീട് ഭയം കാരണം സൗമ്യ ഇതിൽനിന്ന് പിൻമാറി. എന്നാൽ, സൗമ്യയും വിനോദും രഹസ്യ ബന്ധം തുടർന്നു. ഒരു മാസം മുമ്പ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ് മയക്കുമരുന്ന് കെണി ആസൂത്രണം ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാനവാസും ഷെഫിൻഷായും ചേർന്ന് എറണാകുളത്ത് നിന്ന് 45000 രൂപക്കാണ് വിനോദിന് മയക്കുമരുന്ന് എത്തിച്ച് കൊടുത്തതെന്നും പൊലീസ് കണ്ടെത്തി. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ പ്രത്യേക നിർദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫോട്ടോ. സൗമ്യ. അറസ്റ്റിലായ ഷാനവാസും ഷെഫിൻഷായും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
