Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:37 AM IST Updated On
date_range 23 Feb 2022 5:37 AM ISTമാർക്ക് ലിസ്റ്റിന് കൈക്കൂലി: എം.ബി.എ വിഭാഗം സെക്ഷൻ ഓഫിസർക്കും സസ്പെൻഷൻ
text_fieldsbookmark_border
കോട്ടയം: മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ എം.ജി സർവകലാശാലയിൽ നടപടി. കേസിൽ അറസ്റ്റിലായ സി.ജെ. എൽസിക്ക് പിന്നാലെ എം.ബി.എ വിഭാഗം സെക്ഷൻ ഓഫിസർ ഐ. സാജനെ സർവകലാശാല സസ്പെൻഡ് ചെയ്തു. സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് അന്വേഷണ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അസി. രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണവും തേടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. എൽസിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിന് സിൻഡിക്കേറ്റ് സമിതിയെ സർവകലാശാല നിയോഗിച്ചത്. ഇവർ സമർപ്പിച്ച റിപ്പോർട്ടിൽ കൃത്യനിർവഹണത്തിൽ ഐ. സാജന്‍റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ജീവനക്കാർ പരീക്ഷ ക്യാമ്പുകളിൽ പങ്കെടുക്കുമ്പോഴും നിശ്ചിത ദിവസം യൂനിവേഴ്സിറ്റിയിലെത്തി ജോലികൾ ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, സാജൻ കോഴഞ്ചേരിയിലെ ക്യാമ്പിൽ പങ്കെടുത്തപ്പോൾ സെക്ഷനിലെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ചയുണ്ടായി. എൽസി നൽകിയ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ അംഗീകാരം നൽകി. സർവകലാശാലയിൽ നേരിട്ട് എത്തുന്നതിന് പകരം തന്‍റെ ലോഗിൻ ഐ.ഡിയും പാസ്വേഡും മറ്റ് ജീവനക്കാർക്ക് നൽകിയ ശേഷം അവരെക്കൊണ്ട് സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും സമിതി കണ്ടെത്തി. ഇതിൽ നടപടിക്കും സമിതി ശിപാർശ ചെയ്തിരുന്നു. സെക്ഷനിലെ മൊത്തം വീഴ്ചയുടെ അടിസ്ഥാനത്തിലാണ് അസി.രജിസ്ട്രാറോട് വിശദീകരണം തേടാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story